ഒടുവില്‍ കാലം തെളിയിച്ചു; തെങ്ങാണ് ശരി

single-img
21 August 2014

Some Thoughts While Plucking Coconut Treeകേരളത്തിന്റെ സ്വത്വവും ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്നതുമായ തെങ്ങ് കേരളീയന്റെ വിളകളില്‍ നിന്നും കുടിയിറങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. റബ്ബര്‍ എന്ന നാണ്യവിളയുടെ വരവോടെ തെങ്ങിനേയും തേങ്ങയേയും മറന്നു പോകുകയായിരുന്നു. സ്വന്തമായുണ്ടായിരുന്നത് ഒരുതുണ്ട് ഭൂമിയായാലും ശരി, അതിലുള്ള തെങ്ങും മറ്റു വൃക്ഷങ്ങളും മുറച്ചുമാറ്റി റബ്ബര്‍ നടുകയെന്നത് മലയാളിയുടെ ഒരു ദിനചര്യയായി മാറി. അങ്ങനെ തെങ്ങിന്‍ പുരയിടങ്ങളെല്ലാം വെട്ടിനിരത്തപ്പെട്ടു. തല്‍സ്ഥാനത്ത് റബ്ബര്‍ എസ്‌റ്റേറ്റുകള്‍ രൂപം കൊണ്ടു.

ഇന്ന് തെങ്ങിന്റെ കൂട്ടക്കുരുതിയോടെ കേരളം കൈയടക്കിയ റബ്ബര്‍ മരങ്ങളെ കര്‍ഷകന്‍ തന്റെ പുരയിടത്തില്‍ നിന്നും ഒഴിവാക്കുന്നു. പകരം രണ്ടും മൂന്നും വര്‍ഷം കൊണ്ട് കായ്ക്കുന്ന തെങ്ങുകള്‍ സ്ഥാനം പിടിക്കുകയാണ്. തെങ്ങെന്ന വൃക്ഷത്തിന് ചിന്തിക്കുവാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന ഒരു പ്രതികാരത്തിന്റെ സാഫല്യമായി ഈ സംഭവത്തെ കണക്കാക്കി നിര്‍വൃതിയടയുമായിരുന്നു.

റബ്ബര്‍ വില 130 രൂപയില്‍ കുറഞ്ഞ സമയത്താണ് കര്‍ഷകര്‍ വീണ്ടും തങ്ങളുടെ പുരയിടത്തില്‍ നിറഞ്ഞു കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. കാരണം തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലതന്നെ. തേങ്ങയ്ക്ക് വിപണിയില്‍ മുപ്പതുരൂപയോളം വാങ്ങുമ്പോള്‍ വെളിച്ചെണ്ണ 200ലേക്ക് അടുക്കുകയാണ്. വില ഇനിയും കൂടുമെന്നു തന്നെയാണ് വിപണി സൂചിപ്പിക്കുന്നത്.

മറുഭാഗത്ത് റബ്ബര്‍ഷീറ്റ്‌വില 125 രൂപയും ഒട്ടുപാല്‍വില 75 രൂപയുമായി താഴ്ന്നിരിക്കേ ഉത്പാദന-സംസ്‌കരണച്ചെലവ് പോലും കര്‍ഷകര്‍ക്കു കിട്ടില്ലെന്നതാണ് സത്യം. ഒരു മരത്തിനു ടാപ്പിംഗ് കൂലി രണ്ടു രൂപയായി വര്‍ധിച്ചതു കഴിഞ്ഞവര്‍ഷമാണ്. വളം, കീടനാശിനി, തുരിശ്, ആസിഡ് വിലയില്‍ 20 ശതമാനം വര്‍ധനവുണ്ടായി. യന്ത്രം കിട്ടാത്തയിടങ്ങളില്‍ തോട്ടം തെളിക്കാന്‍ തൊഴിലാളിക്ക് ദിവസക്കൂലി 700 രൂപയ്ക്കു മുകളിലാണ്. ഇത്തരത്തില്‍ എല്ലാ തലങ്ങളിലും ഉത്പാദനച്ചെലവ് പരിധികളില്ലാതെ ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു സാധാരണ റബ്ബര്‍ മുതലാളിക്ക് കിട്ടുന്ന വരുമാനം തുലോം തുച്ഛമാണ്.

ഇത്തവണത്തെ മണ്‍സൂണും കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു. പല കര്‍ഷകരും നിര്‍ത്തിയിട്ടിരിക്കുന്ന ടാപ്പിംഗ് പുനരാരംഭിക്കുന്നില്ല. സ്വന്തം മരം സ്വന്തമായി വെട്ടിയെടുക്കുന്നവരാണ് ഇന്ന് ടാപ്പിംഗ് നടത്തുന്നവര്‍ അധികവും. മാത്രമല്ല വാഹനങ്ങളുടെ ടയറിനും പാദരക്ഷകള്‍ക്കും മറ്റു റബ്ബര്‍നിര്‍മ്മിത വസ്തുക്കള്‍ക്കും വില കൂടുന്നതല്ലാതെ കുറയുന്നുമില്ല.

അന്ന് തെങ്ങ് മുറിച്ച് റബ്ബര്‍വെച്ചവര്‍ ഇന്ന് ചിന്തിക്കുന്നുണ്ടാകും, വേണ്ടായിരുന്നുവെന്ന്. ഈ ഒരു രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ റബ്ബര്‍ എസ്‌റ്റേറ്റുകള്‍ക്ക് പകരം തെങ്ങിന്‍ തോപ്പുകളും തെങ്ങുകളില്‍ കേരളത്തിന്റെ സ്വന്തം കുരുമുളകും നിറയുന്ന കാലം വിദൂരമല്ല. കേരവൃക്ഷങ്ങളുടെ നാടെന്നുള്ള പെരുമ കേരളത്തിലേക്ക് വീണ്ടും വന്നണയുകയും ചെയ്യും.