തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി

single-img
21 August 2014

thirurangadi-bappu-musliyarതിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ വഫാത്തായി. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. തിരൂരങ്ങാടിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം മയ്യിത്ത് നിസ്‌ക്കാരം വൈകീട്ട് മൂന്ന് മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ആരംഭിക്കും.

ഖബറടക്കം അഞ്ച് മണിക്ക് വസതിക്ക് സമീപമുള്ള കുടുംബ ഖബര്‍സ്ഥാനിലാണ്. വിശ്രുതനും നഖ്ശബന്തി ത്വരീഖത്തിന്റെ ഗുരുവുമായ താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ പൗത്രനാണ് ബാപ്പു മുസ്‌ലിയര്‍. അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ സീമന്ത പുത്രന്‍ മുഹമ്മദ് മുസ്‌ലിയാരുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ എന്ന ബാവ മുസ്‌ലിയാരാണ് പിതാവ്.

അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ രണ്ടാമത്തെ മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മകള്‍ ഫാത്വിമ ബീവിയാണ് മാതാവ്. 1933-ലാണ് ബാപ്പു മുസ്‌ലിയാരുടെ ജനനം. അദ്ദേഹത്തിന്റെ തൂലികാനാമം അബുല്‍ഫള്ല്‍ എന്നാണ്. 1997ല്‍ എസ് വൈ എസ് ഹജ്ജ് സംഘത്തിന്റെ അമീറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അദ്ദേഹം മഖ്ദൂം അവാര്‍ഡ്, ഇമാം ഗസ്സാലി അവാര്‍ഡ്, എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയും എസ് എസ് എഫ് ഡോട്ട് കോം കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇമാം ബൂസ്വുരി അവാര്‍ഡും നേടിയിട്ടുണ്ട്.