ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് മണിപ്പൂരില്‍ സെഷന്‍സ് കോടതി

single-img
19 August 2014

iromshermilaഇംഫാല്‍: പതിനാല് വര്‍ഷമായി നിരാഹാര സമരം നടത്തിവരുന്ന ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് മണിപ്പൂരില്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടു.  ശര്‍മിളയ്‌ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമത്തിന്റെ കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇറോം ശര്‍മിള ആത്മഹത്യാശ്രമം നടത്തി എന്നതിന് യാതൊരു തെളിവുമില്ലാത്ത സ്ഥിതിക്ക് അവരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല. ഉടന്‍ തന്നെ വീട്ടുതടങ്കലില്‍ നിന്ന് ശര്‍മിളയെ മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.

2012ല്‍ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന കുറ്റത്തിനെതിരെ ശര്‍മിള തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍, ഇറോം ശര്‍മിളയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകള്‍ നിലനില്‍ക്കുന്നത് കൊണ്ട് മോചനം അത്ര എളുപ്പമാകുമെന്ന് കരുതുന്നില്ല.

സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2000 മുതലാണ് ഇറോം ശര്‍മിള നിരാഹാര സമരം അനുഷ്ഠിക്കുന്നത്. 2000 നവംബര്‍ രണ്ടിന് അസം റൈഫിള്‍സിലെ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ പത്ത് തദ്ദേശവാസികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഇറോം ശര്‍മിള  നിരാഹാരാ സമരം ആരംഭിച്ചത്. ഇക്കാലയളവില്‍ നിരവധി തവണ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് ആസ്പത്രിയിലാക്കി. നിരവധി കേസുകള്‍ ചുമത്തുകയും ചെയ്തു.

ശാരീരികാവസ്ഥ മോശമായതിനാല്‍ ഇപ്പോള്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ശര്‍മിളയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.