പ്രേമലേഖനത്തിന് ഫലമുണ്ടായി; ജയലളിത മോദിക്ക് കത്തെഴുതിയത് പ്രേമലേഖനമാണെന്ന് പരിഹസിച്ച ശ്രീലങ്ക 94 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു

single-img
16 August 2014

Indian-Fishermenശ്രീലങ്കയില്‍ അറസ്റ്റിലായ 94 മത്സ്യത്തൊഴിലാളികളെയും അവരുടെ 62 ബോട്ടുകളും വിട്ടയയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര മോദിക്ക് കത്തയച്ചതിനെ പ്രേമലേഖനമെന്ന് പരിഹസിച്ചെങ്കിലും എല്ലാ മത്സ്യത്തൊഴിലാളികളെയും ഒടുവില്‍ വിട്ടയച്ചു.

കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ രാമനാഥപുരം, നാഗപട്ടണം, പുതുക്കോട്ട ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കുന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിനെയാണ് ശ്രീലങ്കന്‍ പ്രതിരോധവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ പ്രേമലേഖനമെന്ന് വിളിച്ച് അധികൃതര്‍ കളിയാക്കിയത്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ വിട്ടയയ്ക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായരുന്നു.

വൈകുന്നേരം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് ലങ്കന്‍ നാവികസേന മത്സ്യത്തൊഴിലാളികളെ കൈമാറും. മേയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇതുവരെ 225 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക വിട്ടയച്ചത്.