ഒരു ഗ്രാമത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിധി തോറ്റു; പിതാവിന്റെ മരണത്തിനുമുന്നില്‍ ദീഷ്മയുടെ വിവാഹം ചോദ്യചിഹ്നമായപ്പോള്‍ ഒരു ഗ്രാമമൊന്നാകെ കൈപിടിക്കാനെത്തി

single-img
12 August 2014

Deeshma

പട്ടേപ്പാടംകാര്‍ രാഷ്ട്രീയമായി പല ചേരിയിലാണ്. എല്ലാതെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയയോഗങ്ങളിലും അവര്‍ അവരുടേതായ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാറുമുണ്ട്. പക്ഷേ നാടിന് ഒരു കാര്യം വരട്ടെ. അവിടെ പട്ടേപ്പാടംകാര്‍ രാഷ്ട്രീയം മറക്കും. മതവും ജാതിയും മറക്കും. മറ്റെന്തും മറക്കും. ആ ഒരു ലക്ഷ്യത്തിനായി അവര്‍ ഒത്തുചേരും. അങ്ങനെയൊരു ഒത്തുചേരലാണ് ജിജുവിന് ആഘോഷപൂര്‍വ്വം ദീഷ്മയുടെ കൈപിടിക്കാന്‍ ഇടയാക്കിയതും.

ദീഷ്മയുടെ അച്ഛന്‍ പട്ടേപ്പാടം ചെമ്പകശ്ശേരി മനോജ് ഭാര്യ ദിവ്യയുമായി ദീഷ്മയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോകവേഅപകടത്തില്‍പ്പെട്ട് മരണമടയുകയായിരുന്നു. അപകടത്തില്‍ ദിവ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെയിന്റിംഗ് പണിക്കാരനായിരുന്ന മനോജ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മകളുടെ വിവാഹം നടത്താനാണു തീരുമാനിച്ചിരുന്നത്. പക്ഷെ മനോജിന്റെ ദാരുണമായ അന്ത്യത്തോടെ എല്ലാം തകിടം മറിഞ്ഞു. ആ കുടുംബം തികച്ചും നിരാലംബരായി. നിശ്ചയിച്ചുറപ്പിച്ച ദീഷ്മയുടെ വിവാഹസ്വപ്നവും അനിശ്ചതത്വത്തിലാണ്ടു.

ഈ സാഹചര്യം കണ്ടറിഞ്ഞ പട്ടേപ്പാടത്തു നാട്ടുകാര്‍ മറ്റെല്ലാം മറന്നുവെച്ച് ഒന്നാകുകയായിരുന്നു. നിശ്ചയിച്ച തിയ്യതിക്കുതന്നെ വിവാഹം ഏറ്റെടുത്ത് നടത്താന്‍ ചുരുങ്ങിയ ദിവസംകൊണ്ട് ഒരു ഗ്രാമം ഒറ്റക്കെട്ടായിനിന്നു. വിദേശത്തുനിന്നുള്‍പ്പെടെ സഹായങ്ങള്‍ ഒഴുകിയെത്തി.

ആ ഗ്രാമത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍ കഴിഞ്ഞദിവസം കൊടകര വാസുപുരം സ്വദേശി പണിക്കാടന്‍ ജിജു നൂറുകണക്കിനു ആളുകളുടെ സാന്നിദ്ധ്യത്തില്‍ ദീഷ്മയുടെ കരം പിടിച്ചു. തൃശൂര്‍ െ്രെകം ബ്രാഞ്ച് എസ്പി ആര്‍.കെ ജയരാജനും മംഗളമുഹൂര്‍ത്തത്തിന് സാക്ഷിയായി. ക്രൈംബ്രാഞ്ച് എസ്.പി. ആര്‍.കെ. ജയരാജന്‍ സജീവന്‍ തിരുക്കുളം എന്നിവരും വധൂവരന്‍മാര്‍ക്ക് ആശംസ അര്‍പ്പിച്ചു.