കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുനേടിയ ഒരേയൊരു മലയാളി ശ്രീജേഷിനെ സ്വീകരിക്കാന്‍ ആരുമെത്തിയില്ല; സഞ്ജുവിനെ അനുമോദിക്കാന്‍ നേതാക്കളുടെ തിക്കും തിരക്കും

single-img
11 August 2014

Sreejeshകോമണ്‍വെല്‍ത്ത് ഗയിംസില്‍ കേരളത്തിനായി ലഭിച്ചത് ഒരേയൊരു വെള്ളിമെഡല്‍. അതു നേടിതന്നത് ഇന്ത്യന്‍ ഹോക്കിടിമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്. ഒരു വെള്ളിമെഡിലിലൂടെ കേരളത്തിന്റെ അഭിമാനം കാത്ത ശ്രീജേഷ്, പക്ഷേ ഇന്നലെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു കുഞ്ഞുപോലും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല.

പക്ഷേ ശ്രീജേഷിന് ആശ്വസിക്കാം, ഡല്‍ഹിയിലും ചെന്നൈയിലും വലിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് കേരളത്തിലേക്കെത്തിയതെന്ന്. എന്നാല്‍ നാട്ടിലെത്തിയ തനിക്ക് കേരളം സ്വീകരണമൊരുക്കാത്തതില്‍ വിഷമമൊന്നുമില്ലെന്നാണ് ശ്രീജേഷ് പറയുന്നത്. നാട്ടിലെത്തുന്ന വിവരം തിരക്കി അധികൃതര്‍ ആരും തെന്നെ ബന്ധപ്പെട്ടിരുന്നില്ലെന്നും അങ്ങോട്ടു വിളിച്ചു പറഞ്ഞ് സ്വീകരണമൊരുക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ശ്രീജേഷ് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിനായി യാത്രതിരിക്കുന്നതിന് ഒരാഴ്ച മുമ്പ് പിറന്ന തന്റെ കുഞ്ഞുമകളെകാണാനാണ് വിമാനമിറങ്ങിയ ഉടന്‍ ശ്രീജേഷ് പോയത്.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണെ മന്ത്രി വി.എസ്. ശിവകുമാര്‍ ഇന്നലെ വീട്ടിലെത്തി അനുമോദിച്ചു. ജമീലപ്രകാശം എം.എല്‍.എയുടെ മനതൃത്വത്തില്‍ വൈകുന്നേരം അനുമോദന ചടങ്ങും സംഘടിപ്പിച്ചു.