സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് വെഞ്ഞാറമൂട് ശശി

single-img
9 August 2014

21644_601937സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന് വെഞ്ഞാറമൂട് ശശി. പാര്‍ട്ടി വിടുന്ന കാര്യം നാളെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും പാര്‍ട്ടി വിഭാഗീയതയുടെ പിടിയിലാണെന്നും ശശി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍ ബെന്നറ്റ് എബ്രഹാമിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ബെന്നറ്റില്‍ നിന്ന് ഒരു കോടി 87 ലക്ഷം രൂപ വാങ്ങി തിരഞ്ഞെടുപ്പ്പ്രചരണത്തിനുവേണ്ടി ചിലവിട്ടുവെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു.

 

ബെന്നറ്റില്‍ നിന്ന് ഒരു കോടി 87 ലക്ഷം രൂപ വാങ്ങിയതിനും അത് ചിലവിട്ടതിനുമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത്രയും തുക ചിലവിട്ട സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ജില്ലാ കമ്മിറ്റിയിലെ ചിലര്‍ ശ്രമിച്ചുവെന്നും ശശി ആരോപിച്ചു. ഇങ്ങനെ ബെന്നറ്റിന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് എതിരെയും നടപടി വേണമെന്നും ശശി ആവശ്യപ്പെട്ടു.

 

 

പാര്‍ട്ടി ഇപ്പോള്‍ കൈക്കൊണ്ട അച്ചടക്ക നടപടിയില്‍ ദു:ഖമൊന്നുമില്ല എന്നും അതുകൊണ്ടു തന്നെ മേല്‍ക്കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കില്ല എന്നും അദ്ദേഹം പറഞ്ഞു . ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതില്‍ ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയത്.

 

ജില്ലാ തയ്യാറാക്കിയ പട്ടിക സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ബിനോയ് വിശ്വത്തിന്റെയും ഇ. ചന്ദ്രശേഖരന്‍ നായരുടെയും ബെന്നറ്റിന്റെയും പേരുകള്‍ ചിലര്‍ ശുപാര്‍ശ ചെയ്തു. ഇതിനുശേഷമാണ് ഈ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറിയത്. ഇവരാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.മറ്റു പാര്‍ട്ടികളില്‍ കണ്ടുവരുന്ന വിഭാഗീയത ഇപ്പോള്‍ സി.പി.ഐ.യിലും വളര്‍ന്നുവരികയാണ്.

 

 

ബെന്നറ്റ് എബ്രഹാം പലരില്‍ നിന്നു സ്വരൂപിച്ചാണ് ഒരു കോടി 87 ലക്ഷം രൂപ പാര്‍ട്ടിക്ക് കൈമാറിയത്. ഓരോ സി.എസ്.ഐ. യൂണിറ്റും ഇതിനുവേണ്ടി സംഭാവന നല്‍കിയിട്ടുണ്ട്. പി.രാമചന്ദ്രന്‍ നായരാണ് ഈ തുക വാങ്ങിയവും ചിലവഴിച്ചതും ഇതിന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയുണ്ടെന്നാണ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞത് എന്നും ശശി പറഞ്ഞു.