പ്ലസ് വണ്‍ പ്രവേശനത്തിന് പുതുതായി അനുവദിച്ച ബാച്ചുകളിലേക്ക് ആഗസ്ത് 11 മുതല്‍ അപേക്ഷ ക്ഷണിക്കുന്നു

single-img
9 August 2014

download (18)പ്ലസ് വണ്‍ പ്രവേശനത്തിന് പുതുതായി അനുവദിച്ച ബാച്ചുകളിലേക്ക് ആഗസ്ത് 11 മുതല്‍ അപേക്ഷിക്കാം. പ്രവേശനത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആഗസ്ത് 11 ന് പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറിയില്ലാത്ത 131 പഞ്ചായത്തുകളില്‍ അനുവദിച്ച പുതിയ സ്‌കൂളുകളിലെ കോഴ്‌സുകളിലേക്കും അപ്‌ഗ്രേഡ് ചെയ്ത 95 സ്‌കൂളുകളില്‍ അനുവദിച്ച 143 കോഴ്‌സുകളിലേക്കും നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിച്ച 426 അധിക ബാച്ചുകളുടെയും വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക. അപേക്ഷകള്‍ സ്‌കൂളുകളില്‍ ലഭ്യമാക്കും.

 
പുതുതായി അനുവദിച്ച സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയ്യതി ആഗസ്ത് 13 ആണ് . നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളിലേക്കുള്ള പ്രവേശനം ഏക ജാലക സംവിധാനത്തിലൂടെ ആയിരിക്കും. മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അവസരം ആദ്യം നല്‍കും.

 

തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കും. സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനും 11 മുതല്‍ 13 വരെ അപേക്ഷിക്കാം. 18 ന് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിലൂടെയുള്ള പ്രവേശനം 18 മുതല്‍ 20 വരെ നടത്തും. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവ് വിവരം 18 ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് ആഗസ്ത് 20 വരെ അപേക്ഷിക്കാം. അലോട്ട്‌മെന്റ് റിസള്‍ട്ട് 22 ന് പ്രസിദ്ധപ്പെടുത്തും. പ്രവേശനം 22നും 23 നുമായി നടത്തും.