ഫൂലന്‍ദേവി വധക്കേസ്; ഷേര്‍സിങ്ങ് റാണ കുറ്റക്കാരന്‍

single-img
9 August 2014

phoolan deviന്യൂഡല്‍ഹി : സമാജ് വാദി പാര്‍ട്ടി എം. പി.യും  മുന്‍കൊള്ളക്കാരിയുമായ  ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ്ങ് റാണ കുറ്റക്കാരനാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിടിക്കപ്പെട്ട പതിനൊന്നു പേരില്‍  മറ്റ് പത്തു പ്രതികളെ തെളിവില്ലെന്ന് കണ്ട്  കോടതി വെറുതെ വിട്ടു. തന്നെ മാത്രം ശിക്ഷിച്ചത് എന്തിനാണെന്നും മറ്റുള്ളവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും കോടതി മുറിയില്‍ റാണ വിളിച്ചുപറഞ്ഞു. വിധി പറഞ്ഞുകഴിഞ്ഞുവെന്നും ഇനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നുമായിരുന്നു ജഡ്ജി ഭരത് പരാശറിന്റെ പ്രതികരണം. ആഗസ്ത് 12-നാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

2001 ജൂലായ് 25-നാണ്  ലോക്‌സഭയില്‍നിന്ന് വീട്ടിലെത്തുമ്പോള്‍ ഡല്‍ഹിയിലെ അശോക റോഡില്‍ വച്ച് മുഖംമൂടി ധരിച്ചെത്തിയ പ്രതികളാല്‍ ഫൂലന്‍ദേവി കൊല്ലപ്പെട്ടത്. തന്നെ ലൈംഗികമായി പീഡിപ്പിച്ച 17 ഠാക്കൂര്‍മാരെ 1981-ല്‍ ഫൂലന്‍ദേവി കൊലപ്പെടുത്തിയതിന് അന്ന് ബാലനായിരുന്ന ഷേര്‍സിങ് റാണ സാക്ഷിയായിരുന്നു. ഇതിന്റെ പ്രതികാരമായി ഫൂലന്‍ദേവിയെ കൊല്ലാന്‍ മറ്റ് 11 പേരുമായി റാണ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.