ഉപയോഗിക്കുന്നതിനു മുമ്പ് ചുരിദാറിന്റെ കളറിളകി; വസ്ത്രത്തിന്റെ വിലയ്ക്കു പുറമേ 10,000 രൂപ പിഴയടയ്ക്കാന്‍ കോടതി വിധി

single-img
8 August 2014

Cotton_font_b_Churidar_b_font_Materialകടയില്‍ നിന്നും പവാങ്ങി ഉപയോഗിക്കുന്നതിനു മുമ്പ് തന്നെ കളറിളകിയ ചുരിദാര്‍ വില്‍പ്പന നടത്തിയതിന് കടയുടമ വസ്ത്രത്തിന്റെ വിലയ്ക്കു പുറമെ പതിനായിരം രൂപ പിഴയടയ്ക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചു. തിരൂര്‍ക്കാട് കാരുമുകില്‍ നൗഫല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഹോസ്പിറ്റല്‍ റോഡിലെ കെഎംടി സില്‍ക്ക് ഉടമ കെ. അബ്ദുല്‍ മാലിക്കിനെയാണ് ജഡ്ജി കെ. മുഹമ്മദലി, മദനവല്ലി, മിനി മാത്യു എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷിച്ചത്.

2013 ഒക്‌ടോബര്‍ 11ന് പരാതിക്കാരന്‍ 1114 രൂപ വില നല്‍കി വാങ്ങിയ ചുരിദാറും ബ്ലൗസ് പീസുമാണ് കളറിളകി ഉപയോഗ ശൂന്യമായത്. കളറിളകിയ ചുരുദാറിന് പകരം വേറൊരു ചുരിദാര്‍ തരികയോ പണം തിരികെ നല്‍കുകയോ വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം കടയുടമ നിരാകരിക്കുകയായിരുന്നു. കളറിന് ഗ്യാരണ്ടിയില്ലെന്നും വിറ്റസാധനങ്ങളുടെ വില തിരിച്ചു നല്‍കുന്നതല്ലെന്നും വിവാഹ വസ്ത്രങ്ങള്‍ മാറ്റി നല്‍കില്ലെന്ന് ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണെ്ടന്ന കടയുടമയുടെ വാദവും കോടതി അംഗീകരിച്ചില്ല.

മാത്രമല്ല വിറ്റസാധനങ്ങള്‍ തിരിച്ചെടുക്കുകയില്ല എന്ന വ്യവസ്ഥ നിയമ വിരുദ്ധമാണെന്നും ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി. വസ്ത്രത്തിന്റെ വിലയായ 1114 രൂപ, നഷ്ടപരിഹാരമായി 7500 രൂപ, കോടതി ചെലവ് 2500 രൂപ എന്നിവ ഒരു മാസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വക്കീലിന്റെ സഹായമില്ലാതെയാണ് പരാതിക്കാരന്‍ കേസ് വാദിച്ചത്.