തിരുവനന്തപുരം- വെഞ്ഞാറമൂട് എം.സി. റോഡില്‍ വട്ടപ്പാറ കൊടുംവളവിലെ പേര്‍ഷ്യക്കാരന്‍ പേടിസ്വപ്‌നമാകുന്നു

single-img
8 August 2014

Pershyakkaranതിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന എം.സി റോഡുവഴി ഒരുവട്ടമെങ്കിലും സഞ്ചരിച്ചിട്ടുള്ളവര്‍ക്കറിയാം, ഈ റൂട്ടിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് വട്ടപ്പാറ ജംഗ്ഷന് മുമ്പുള്ള കൊടും വളവുകള്‍. ഒരുവശം അഗാധമായ കുഴിയും മറുവശം വാഹനങ്ങള്‍ വേണ്ടവിധത്തില്‍ ഒതുക്കുവാനുള്ള സൗകര്യവുമില്ലാത്ത കുത്തിത്തിരിയുന്ന വളവുകളാണ് ഇവിടുത്തെ പ്രത്യേകത. ദിവസവും ആയിരക്കണക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ നിരവധി വാഹനാപകടങ്ങളാണ് കാലങ്ങളായി ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇതില്‍ ഏറ്റവും അപകടം പിടിച്ച വളവാണ് വട്ടപ്പാറ ബിവറേജിന് സമീപത്തെ വളവ്. പൊന്‍മുടിയിലേയും മൂന്നാറിലെയും ഹെയര്‍പിന്‍ വളവുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഈ വളവിലും ഒട്ടേറെ അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഈ വളവിലാണ് ഈ അടുത്ത ദിവസം മുതല്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. അടുത്തിറങ്ങാന്‍ പോകുന്ന ‘പേര്‍ഷ്യക്കാരന്‍’ എന്ന സിനിമയുടെ ബോര്‍ഡ് അതുവഴി കടന്നുപോകുന്ന വാഹനങ്ങളോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുമെന്നും അപകടങ്ങള്‍ നടക്കുമെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തിരുവനന്തപും ഭാഗത്തേക്കു പോകുന്നവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്ന തരത്തിലാണ് കൊടും വളവിന് സമീപത്തായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിനിമയിലെ നായകന്‍ നായികയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ബോര്‍ഡ് കണ്ട് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയൊന്നു പാളിയാല്‍ വാഹനം ഇടതുവശത്തെ അഗാധമായ കുഴിയിലേക്ക് വീഴുമെന്നുള്ള കാര്യം ഉറപ്പാണ്. മുന്നിലെ വളവുവഴി വേഗതയില്‍ വരുന്ന വാഹനങ്ങളും ഒരു പക്ഷേ അപകടത്തിന് വഴിവച്ചേക്കാം.

ഇതുപോലുള്ള വളവുകളില്‍ വാഹനങ്ങളുടെ രശദ്ധതിരിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ദിവസംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതുമൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധപതിയുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.