ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് പൂജ്യം

single-img
8 August 2014

broad-clrമാഞ്ചസ്റ്റര്‍: ഒരിന്നിങ്സില്‍ ഇന്ത്യയുടെ ആറ് താരങ്ങള്‍ പൂജ്യത്തിന് മടങ്ങിയതിന്റെ റെക്കോഡ് ഇന്ത്യക്ക് സ്വന്തം. ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു സംഭവം ഇതോടെ ഇന്ത്യ ബംഗ്ളാദേശിന്‍െറയും ദക്ഷിണാഫ്രിക്കയുടെയും ഒപ്പമെത്തി. ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ചെറുത്തുനില്‍പിനൊടുവില്‍ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 152 റണ്‍സിന് എല്ലാവരും പുറത്തായി. 133 പന്തില്‍ 15 ഫോറടക്കമാണ് ധോണി 71 റണ്‍സെടുത്തത്.

13.4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇന്ത്യയുടെ നട്ടെല്ല് തകർത്തത്.  ആദ്യമായി പരമ്പരയില്‍ അവസരം കിട്ടിയ ആര്‍. അശ്വിനും (40) മധ്യനിര ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയും (24) ആണ് ധോണിക്ക് പുറേമേ രണ്ടക്കം കണ്ട മറ്റ് ബാറ്റ്സ്മാന്മാര്‍.

ഓപണര്‍ മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി, രവീന്ദ്ര ജദേജ, ഭുവനേശ്വര്‍ കുമാര്‍, പങ്കജ് സിങ് എന്നിവരാണ് പൂജ്യത്തിന് പുറത്തായ ബാറ്റ്സമാന്മാര്‍. ശിഖര്‍ ധവാന് പകരമത്തെിയ ഗൗതം ഗംഭീര്‍ നാല് റണ്‍സെടുത്തു. വരുണ്‍ ആറോണ്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു.

ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ധവാനും രോഹിത് ശര്‍മക്കും മുഹമ്മദ് ഷമിക്കും പകരം ഗംഭീറും അശ്വിനും വരുണ്‍ ആറോണും ഇറങ്ങി.  ആദ്യ നാല് വിക്കറ്റ് വീണപ്പോഴും ഇന്ത്യന്‍ സ്കോര്‍ എട്ട് റണ്‍സായിരുന്നു.
തുടർന്ന് ധോണിയും രഹാനെയും ഒത്തുചേര്‍ന്ന് ഇന്ത്യയെ 50 കടത്തി. എന്നാല്‍, സ്കോര്‍ 62 ലെത്തിയപ്പോള്‍ രഹാനെ കീഴടങ്ങി. ജോര്‍ദാന്‍െറ പന്തില്‍ ഇയാന്‍ ബെല്‍ ക്യാച്ചെടുത്താണ് രഹാനെ പുറത്തായത്. 52 പന്തില്‍ മൂന്ന് ഫോറടക്കമാണ് രഹാനെ 24 റണ്‍സെടുത്തത്.

ഉച്ചഭക്ഷണത്തിന്  ശേഷം ജദേജയെ (പൂജ്യം) ആന്‍ഡേഴ്സന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നീട് അശ്വിനൊപ്പം ഏഴാം വിക്കറ്റില്‍ ധോണി 66 റണ്‍സ് ചേര്‍ത്തു. മൂന്ന് ഫോറും ഒരു സിക്സും നേടിയ അശ്വിനും 40 റൺ നേടി പുറത്തായി. ഭുവനേശ്വറും പൂജ്യനായതിന് പിന്നാലെ ബ്രോഡിന്‍െറ പന്തില്‍ ജോര്‍ദാന്‍െറ ക്യാച്ചില്‍ ധോണിയുടെ ഇന്നിങ്സും അവസാനിച്ചു.

തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ദിവസം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 113 റൺ നേടിയിട്ടുണ്ട്.

സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്സ്
വിജയ് സി കുക്ക് ബി ആന്‍ഡേഴ്സന്‍ 0, ഗംഭീര്‍ സി റൂട്ട് ബി ബ്രോഡ് 4, പൂജാര സി ജോര്‍ഡന്‍ ബി ബ്രോഡ് 0, കോഹ്ലി സി കുക്ക് ബി ആന്‍ഡേഴ്സന്‍ 0, രഹാനെ സി ബെല്‍ ബി ജോര്‍ഡന്‍ 24, ധോണി സി ജോര്‍ഡന്‍ ബി ബ്രോഡ് 71, ജദേജ എല്‍.ബി.ഡബ്ള്യു ബി ആന്‍ഡേഴ്സണ്‍ 0, അശ്വിന്‍ സി റോബ്സണ്‍ ബി ബ്രോഡ് 40, ഭുവനേശ്വര്‍ ബി ബ്രോഡ് 0, ആരോണ്‍ നോട്ട് ഒൗട്ട് 1, പങ്കജ് സിങ് ബി ബ്രോഡ് 0, എക്സ്ട്രാ 12, ആകെ 46.4 ഓവറില്‍ 152 ന് പുറത്ത്. വിക്കറ്റ് വീഴ്ച: 1-8, 2-8, 3-8, 4-8, 5-62, 6-63, 7-129, 8-137,9-152, 10-152. ബൗളിങ്: ആന്‍ഡേഴ്സണ്‍ 14-3-46-3, ബ്രോഡ് 13.4-6-25-6, വോക്സ് 10-1-43-0, ജോര്‍ഡന്‍ 9-4-27-1