മരുന്നുപരീക്ഷണം നടത്തുന്നതിനിടെ മരണപ്പെടുന്ന ആൾക്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

single-img
6 August 2014

medicinതിരുവനന്തപുരം: മരുന്നുപരീക്ഷണം നടത്തുന്നതിനിടെ മരണപ്പെടുന്ന ആൾക്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ദ്ധ സമിതി നിര്‍ദേശം. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് നഷ്ടപരിഹാരമായ എട്ടുലക്ഷത്തിന് അര്‍ഹത.  അടിസ്ഥാന നഷ്ടപരിഹാരത്തിനൊപ്പം രോഗിയുടെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്താണ് അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുക. ആര്‍.കെ. ജയിന്‍ അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം തയാറാക്കിയത്. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് മരുന്ന് ഗുണനിലവാര നിയന്ത്രണ സംഘടന അംഗീകരിച്ചു.

അതേസമയം 30 ദിവസത്തിനകം മരിക്കാൻ സാധ്യതയുള്ള ആളാണ് രോഗിയെങ്കില്‍   നഷ്ടപരിഹാരം രണ്ടുലക്ഷമായി ചുരുങ്ങും.

പരമാവധി നഷ്ടപരിഹാരം 73.60 ലക്ഷത്തില്‍ കവിയരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷണത്തിന് അനുമതി തേടുന്ന കമ്പനികൾ ആശ്രിതര്‍ക്ക് ഒറ്റത്തവണയായി ബാങ്കുവഴി നഷ്ടപരിഹാരം നല്‍കിയിരിക്കണം. പരീക്ഷണത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ രോഗിയെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തുകയും വേണമെന്ന് നിര്‍ദേശമുണ്ട്.

രോഗികള്‍ അറിയാതെ മാനദണ്ഡം കാറ്റിൽ പറത്തി  പല സ്ഥാപനങ്ങളും പ്രമുഖ ആശുപത്രികളും മരുന്നുപരീക്ഷണം നടത്തുന്നത് രാജ്യമെമ്പാടും വിവാദമായതോടെയാണ് നിയന്ത്രണങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നടപടി തുടങ്ങിയത്.  മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സമിതിയാണ് ഇപ്പോള്‍ സംസ്ഥാനത്ത് മരുന്നുപരീക്ഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.