പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയം

single-img
5 August 2014

rbiമുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനവുമായി തുടരുമെന്നും കരുതല്‍ ധനാനുപാതം നാല് ശതമാനമായി നിലനില്‍ക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള വായ്പാനയ അവലോകന യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, വാണിജ്യ ബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട നിര്‍ബന്ധിത നിക്ഷേപമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍.) അര ശതമാനം കുറച്ചു. ബാങ്കുകള്‍ തങ്ങളുടെ കൈവശമുള്ള മൊത്തം നിക്ഷേപത്തിന്റെ നിശ്ചിത വിഹിതം ഇത്തരം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

ഈ അനുപാതമാണ് എസ്.എല്‍.ആര്‍. ഇതു കുറച്ചതോടെ ബാങ്കുകളുടെ പണ ലഭ്യത കൂടും. ജൂണില്‍ ഇത് 23 ശതമാനത്തില്‍ നിന്ന് 22.50 ശതമാനമായി കുറച്ചിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 7.31 ശതമാനമായി താഴ്ന്നിട്ടുണ്ട്.

29 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്ന സഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.