ഏഴുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടു, ഇപ്പോള്‍ ഏകമകനും; ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ശ്രീദേവിയെന്ന അമ്മ പറഞ്ഞു: മകന്‍ ജീവിക്കണം, മറ്റുള്ളവരിലൂടെ

single-img
5 August 2014

Anantha krishnanഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് അജിത് കുമാറിന്റെ മരണം ശ്രീദേവിയെന്ന ഭാര്യയിലുണ്ടാക്കിയ ആഘാതം ചെറുതല്ല.അതിനുശേഷം കാലത്തോട് പടവെട്ടി അവര്‍ ജീവിതം തിരിച്ചു പിടിച്ചപ്പോള്‍ ഏകമകന്‍ അനന്തകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഒരു ബൈക്കപകടത്തിലൂടെ ലോകത്തോട് വിടപറഞ്ഞു. ശരീരം തളര്‍ന്ന് ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ശ്രീദേവി പറഞ്ഞു: അവന്‍ ജീവിക്കണം, മറ്റുള്ളവരിലൂടെ….

ആലപ്പുഴ അവലൂക്കുന്ന് പൂന്തോപ്പു വാര്‍ഡില്‍ അമ്പാട്ടുമഠം പരേതനായ അജിത് കുമാറിന്റെ ഭാര്യ ശ്രീദേവിയാണ് ബൈക്കപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തന്റെ പൊന്നോമന ഉണ്ണിയെന്ന അനന്തകൃഷ്ണന്റെ കരളും വൃക്കകളും ദാനം ചെയ്തു മൂന്നുപേര്‍ക്കു പുതുജീവന്‍ നല്കി യഥാര്‍ത്ഥ ‘മാതാവായി’ മാറിയത്. ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ്കൂടിയായ ശ്രീദേവി മകന്റെ ഹൃദയവും ആഗ്നേയഗ്രന്ഥിയും ദാനം ചെയ്യാന്‍ സമ്മതം മൂളിയെങ്കിലും അവ ഉപയോഗപ്പെടുത്താന്‍ പറ്റിയ നിലയിലായിരുന്നില്ല.

കഴിഞ്ഞ ദിവസം മാരാരിക്കുളം ബീച്ചിനു സമീപമുണ്ടായ ബൈക്കപകടത്തിലാണു നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഒന്നാം വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ അനന്തകൃഷ്ണന്റെ തലയ്ക്കു പരിക്കേറ്റത്. ഉടന്‍തന്നെ അനന്തകൃഷ്ണനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ അതിരാവിലെ അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്‌ക മരണം ഉച്ചയോടെ സ്ഥിരീകരിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം ഒരു കുറവും അറിയിക്കാതെയാണു ശ്രീദേവി മകനെ വളര്‍ത്തിയത്. മകന്റെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിക്കൊടുത്ത ബൈക്കാണ് അപകടത്തില്‍പ്പെട്ടതും മകന്റെ ജീവനെടുത്തതും.

അവയവമാറ്റത്തിനുള്ള ശസ്ത്രക്രിയകള്‍ക്കു മേല്‍നോട്ടം വഹിച്ചത് ലേക്‌ഷോര്‍ ആശുപത്രിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ്.