ഇവന്‍ പ്രണവ്; സെപ്റ്റിക് ടാങ്കില്‍ വീണ കുഞ്ഞനുജനെ രക്ഷിച്ച മൂന്നര വയസ്സുകാരന്‍ ചേട്ടന്‍

single-img
2 August 2014

pranavഇവനാണ് പ്രണവ്. സ്‌പെറ്റിക് ടാങ്കില്‍ അകപ്പെട്ടുപോയ കുഞ്ഞനുജനെ പുതുജീവന്‍ നല്‍കി രക്ഷിച്ചെടുത്ത സ്‌നേഹനിധിയായ ചേട്ടന്‍. എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ പ്രണവിനെ അഭിനന്ദിക്കുവാന്‍ ഇന്ന് ഒരു നാട് മുഴുവന്‍ ആ വീട്ടിലേക്കൊഴുകുകയാണ്.

വരാപ്പുഴ ചിറയ്ക്കകം വൈക്കരാമന്‍ പറമ്പില്‍ രാജീവ്- സരിത ദമ്പതിമാരുടെ മൂത്തമകന്‍ പ്രണവ് ഇന്ന് നാടിന്റെ ഹീറോയാണ്. ആറടി താഴ്ചിലുള്ള സ്‌പെറ്റിക് ടാങ്കില്‍ വീണ അനുജന്‍ അഭിനവിനെ രക്ഷിച്ച ധീരന്‍.

പതുതായി രാജീവ് പണിയുന്ന വീടിന്റെ തുറന്നു കിടക്കുന്ന സെ്റ്റിക് ടാങ്കിലാണ് അഭിനവ് വീണത്. ടാങ്കില്‍ വെള്ളം നിറഞ്ഞിരിന്നു. രാജീവും കുടുംബവും തൊട്ടടുത്തുള്ള തറവാട്ടു വീട്ടിലാണ് താമസം. രാവിലെ അയല്‍പകത്തെ വീട്ടിലേക്ക് പോയ രാജീവിന് പുറകേ മക്കളായ പ്രണവും അഭിനവും കൂടുകയായിരുന്നു. എന്നാല്‍ രാജീവ് ഇതറിഞ്ഞില്ല.

പുതിയ വീട്ടിലെ സെപ്റ്റിക് ടാങ്ക്‌വഴി അച്ഛനു പുറകേ പുറപ്പെട്ട അഭിനവ് തുറന്നുകിടന്ന സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയായിരുന്നു. അനുജന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ടാങ്കിനടുത്തേക്ക് ഓടിയെത്തിയ പ്രണവ് കണ്ടത് ടാങ്കിലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന കുഞ്ഞനുജനെയാണ്. പിന്നൊന്നും ആലോചിച്ചില്ല, അടുത്ത പ്രാവശ്യം മുങ്ങിപ്പൊങ്ങിവന്ന അനുജന്റെ കയ്യില്‍ പ്രണവ് പിടുത്തമിട്ടു. ഒരുകയ്യില്‍ അനുജനെയും പിടിച്ച് മറുകൈയ് സെപ്റ്റിക് ടാങ്കിന്റ മതിലിലും പിടിച്ച് പ്രണവ് വാവിട്ട് നിലവിളിച്ചു.

നിലവിളികേട്ട് ഓടിയെത്തിയ അയല്‍പക്കത്തെ അംബികയാണ് അഭിനവിനെ ടാങ്കില്‍ നിന്നും പുറത്തെടുത്തത്. ആ സമയം തന്നെ അയല്‍വാസികളുമെത്തി. അഭിനവിന് ഉടന്‍തന്നെ പ്രഥമശുശ്രൂഷയും നല്‍കി.

കൂനമ്മാവ് സെന്റ് ജോസഫ്‌സ് പ്രീ-പ്രൈമറി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ് പ്രണവ്. വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ സിസ്റ്റര്‍ ആനറ്റ് ജോസിന്റെ നേതൃത്വത്തില്‍ സ്‌കൂളധികൃതരും പ്രണവിന്റെ വീട്ടിലെത്തി. തിങ്കളാഴ്ച പ്രണവിന് സ്‌കൂളില്‍ സ്വീകരണം നല്‍കാനും അവര്‍ തീഏരുമാനിച്ചിട്ടുണ്ട്. ചിറയ്ക്കല്‍ ശ്രീരാമപുരം ക്ഷേത്രഭാരവാഹികളും വീട്ടിലെത്തി പ്രണവിന് ഉപഹാരം സമ്മാനിച്ചു. അഭിനന്ദനങ്ങള്‍ നാടിന്റെ നാനാഭാഗത്തു നിന്നും പ്രണവിന് ഒഴുകിയെത്തുകയാണ്.