മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്

single-img
31 July 2014

England v India: 3rd Investec Test - Day Fourസതാംപ്‌ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 445 റണ്ണിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറിങ്ങിയ ഇന്ത്യ നാലാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ നാലിന്‌ 112 റണ്ണെന്ന നിലയിലാണ്‌. ഒരു ദിവസവും ആറു വിക്കറ്റും ശേഷിക്കേ തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക്‌ 333 റണ്‍ കൂടി വേണം. അജിന്‍ക്യ രഹാനെ (18), രോഹിത്‌ ശര്‍മ (ആറ്‌) എന്നിവരാണു ക്രീസില്‍. മുരളി വിജയ്‌ (12), ശിഖര്‍ ധവാന്‍ (37), ചേതേശ്വര്‍ പൂജാര (രണ്ട്‌), വിരാട്‌ കോഹ്ലി (28) എന്നിവരാണ്‌ ഇന്നലെ പുറത്തായത്‌.

ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സ് നാലിന്‌ 205 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. നായകനും ഓപ്പണറുമായ അലിസ്‌റ്റര്‍ കുക്ക് 114 പന്തില്‍ ഏഴു ഫോറുകളടക്കം 70 റണ്ണെടുത്തു.  ഏകദിന ശൈലിയില്‍ ബാറ്റ്‌ വീശിയ ജോ റൂട്ട്‌ 41 പന്തില്‍ ഒന്‍പതു ഫോറുകളടക്കം 56 റണ്ണെടുത്തു. ഇയാന്‍ ബെല്‍ 21 പന്തില്‍ 23 റണ്ണും ഗാരി ബാലന്‍സ്‌ 48 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുമടക്കം 38 റണ്ണുമെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക്‌ സ്‌കോര്‍ 20 കടന്നു വൈകാതെ ആദ്യ തിരിച്ചടി കിട്ടി.  ധവാന്റെ ഇല്ലാത്ത സിംഗിളിനുള്ള ഓട്ടമാണു വിജയിന്റെ പുറത്താകലില്‍ കലാശിച്ചത്‌.  ചേതേശ്വര്‍ പൂജാര മൊയീന്‍ അലിയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റുവച്ച സ്ലിപ്പില്‍ ക്രിസ്‌ ജോര്‍ദാന്‍ പിടികൂടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 330 റണ്ണിന്‌ അവസാനിച്ചിരുന്നു. തലേ ദിവസത്തെ സ്‌കോറിന്‌ ഏഴു റണ്‍ കൂടിയേ ഇന്ത്യക്കു ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.

ഫോളോ ഓണിന്‌ 40 റണ്‍ അകലെ വീണ ഇന്ത്യയെ വീണ്ടും ബാറ്റിംഗിന്‌ അയയ്‌ക്കാന്‍ കുക്ക്‌ താല്‍പര്യപ്പെട്ടില്ല. തലേദിവസത്തെ സ്‌കോറിനോട്‌ ഒരു റണ്‍ പോലും ചേര്‍ക്കാതെ നായകന്‍ എം.എസ്‌. ധോണി (113 പന്തില്‍ 50) ജെയിംസ്‌ ആന്‍ഡേഴ്‌സണിനു വിക്കറ്റ്‌ സമ്മാനിച്ചു. പിന്നാലെ മുഹമ്മദ്‌ ഷാമിയും (നാല്‌) ആന്‍ഡേഴ്‌സണിനു വിക്കറ്റ്‌ നല്‍കിയതോടെ ഇന്നിംഗ്‌സിനു സമാപനമായി. ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ 53 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്തു.