മൂന്നാർ വിധി :റിവ്യൂപെറ്റിഷനോ അപ്പീലോ നൽകുമെന്ന് മുഖ്യമന്ത്രി

single-img
29 July 2014

images (4)മൂന്നാറിൽ സർക്കാർ ഏറ്റെടുത്ത ഭൂമി തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ റിവ്യൂപെറ്റിഷനോ അപ്പീലോ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി .വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി .

 

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണവും കേസുകളുടെ നടത്തിപ്പും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. കോടതികളില്‍ നിന്ന് സ്‌റ്റേയോ മറ്റ് തടസങ്ങളോ ഇല്ലാത്ത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേയില്‍ കിടക്കുന്നവയുടെ നിയമനടപടികള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

സർക്കാരിന് ദോഷകരമായ വിധി ആയതിലാണ് വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുന്നത്. മൂന്നാർ വിഷയവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിൽ പോരായ്മ ഉള്ളതായി സർക്കാരിന് തോന്നിയിട്ടില്ല. പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോൾ തോറ്റ കേസുകളാണ് സർക്കാർ ഇപ്പോൾ ജയിക്കുന്നത്. കൂടുതൽ കേസുകളും തോറ്റത് പ്രതിപക്ഷത്തിന്റെ ഭരണകാലത്ത് ആയിരുന്നവെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

 

വിധി അനുകൂലമാവുമ്പോൾ  കോടതിയെ പുകഴ്ത്തുകയും പ്രതികൂലമാവുമ്പോൾ വിമർശിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. സർക്കാരിന് കോടതികളോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , അഡ്വക്കേറ്റ് ജനറല്‍, ലോ സെക്രട്ടറി, റവന്യു സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.