റംസാനില്‍ വിശന്നിരിക്കുന്ന വയറുകള്‍ക്ക് ആശ്വാസമേകാന്‍ ഓരോ നിര്‍ദ്ധനകുടുംബങ്ങള്‍ക്കും 10 കിലോ അരിയും പച്ചക്കറികളുമായി അവരെത്തുന്നു

single-img
28 July 2014

iStock_000017172581Small-550x220പുണ്യം പൂക്കുന്ന റംസാന്‍ മാസത്തിനവസാനമായി ചെറിയപെരുനാള്‍ കടന്നുവരുമ്പോള്‍ നാട്ടിലെ നിര്‍ദ്ദനകുടുംബങ്ങളിലെ വിശന്നിരിക്കുന്ന വയറുകള്‍ക്ക് ആശ്വാസമേകാന്‍ വിദ്യാര്‍ഥികളെത്തും. കൈവശം 10 കിലോ അരിയും പച്ചക്കറികള്‍ നിറച്ച സഞ്ചിയുമുണ്ടാകും. നിരാലംബര്‍ക്ക് അന്നം നല്‍കാന്‍ പഠനചെലവില്‍ നിന്നു മിച്ചം കണ്ടെത്തിയെത്തുന്നത് എരുമേലി എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ്.

മഅ്‌ലൂന്‍ 2014- ഒരാഴ്ച മുമ്പ് കോളജിലെ എംഎസ്ഡബ്യു വിദ്യാര്‍ഥികള്‍ ആരംഭിച്ച ഈ പദ്ധതിയിലാണ് നിരാലംബര്‍ക്ക് സഹായമൊരുങ്ങുന്നത്. മഅ്‌ലൂന്‍ എന്നാല്‍ അറബിയില്‍ സഹായിക്കുക. ഈ പദ്ധതിയുടെ ഭാഗമായി കോളജ് ഓഫീസിനു മുമ്പില്‍ സ്ഥാപിച്ച പാത്രങ്ങളിലാണ് അരി ശേഖരിക്കുന്നത്. അരി കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്ക് പകരം പണം നിക്ഷേപിക്കാം. ഈ തുക പച്ചക്കറി വാങ്ങാനാണ് ഉപയോഗിക്കുക. പദ്ധതി റംസാന്‍ കഴിഞ്ഞും തുടരുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. സുജാബീഗം പറഞ്ഞു.

എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി രാജന്‍ ജെ. കുര്യന്‍, അധ്യാപകരായ വി.ജി. ഹരീഷ്‌കുമാര്‍, താഹ പി. ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.