നാളികേരം ഒന്നിന്റെ വില 30000 രൂപ

single-img
28 July 2014

coco_de_mer_growthകൊക്കേ ഡി മെര്‍ എന്നോ സമുരദ നാളികേരമെന്നോ പറഞ്ഞാല്‍ ഒരുപക്ഷേ എല്ലാവര്‍ക്കും മനസ്സിലാകില്ല. സാധാ നാളികേരത്തിന്റെ വകഭേദങ്ങളിലെന്തെങ്കിലുമായിരിക്കുമെന്ന് ഊഹിക്കുമെങ്കിലും പൂര്‍ണ്ണമായ ഒരു ചിത്രം കിട്ടണമെന്നില്ല. ഈ രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും കൊക്കോ ഡി മെറിനെക്കുറിച്ച് അറിയില്ല എന്നുള്ളതുതന്നെയാണ് കാരണം. പക്ഷേ 25000 രൂപയാണ് ഒരു നാളികേരത്തിന്റെ വില എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ കൊക്കോ ഡി മെര്‍ എന്താണെന്ന് ഇതുവരെ അറിയാത്തതിനേക്കാള്‍ കൂടുതലായിരിക്കുമെന്നുള്ളതാണ് സത്യം.

ആയിരം വര്‍ഷത്തോളം ആയുസ്സുള്ള പനവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ചെടി. ഈ ചെടി പൂവിടാന്‍ തന്നെ 100 വര്‍ഷത്തില്‍ കൂടുതല്‍ വേണം. വലിപ്പമുള്ള ഇലകള്‍, അതും വര്‍ഷത്തില്‍ ഒരില മാത്രം. ഇല പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ ഒന്നരവര്‍ഷം. ഒരു ഫലത്തിന്റെ വലിപ്പം 45 കിലോഗ്രാം. അതിനുള്ളിലെ വിത്തിന്റെ വലിപ്പം 25 കിലോ ഗ്രാം. ലോകത്തിലെ ഏറ്റവും വലിയ വിത്ത് ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരവും ഈ സമുദ്രനാളികേരം തന്നെ. ഇനി ഇതിനെല്ലാം പുറമേ സമുദ്ര നാളികേരത്തിന്റെ പ്രധാനപ്രത്യേകത എന്നു പറയുന്നത് ചെടി പൂത്തുകഴിഞ്ഞാല്‍ മാത്രമേ ഇത് ആണോ പെണ്ണോ എന്ന് അറിയാന്‍ കഴിയുവെന്നുള്ളതാണ്. അങ്ങനെ ഒത്തിരി പ്രത്യേകതകളും കൗതുകങ്ങളും കൂട്ടിവെച്ച ഒന്നാണ് സമുദ്രനാളികേരം അഥവാ കൊക്കോ ഡി മെര്‍.

118 വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യയിലെ ഒരേയൊരു സമുദ്രനാളികേരം കായ്ച്ചതോടെയാണ് ഈ വൃക്ഷം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കൊല്‍ക്കത്തയിലെ ഹൗറ ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്ന ഈ വൃക്ഷം ഇന്ത്യയിലുള്ള ഒരേയൊരുസമുദ്ര നാളികേര വൃക്ഷമാണ്. 1988 ല്‍ ഇത് പൂവിട്ടിരുന്നെങ്കിലും അന്നാണ് ഇത് പെണ്‍വൃക്ഷമാണെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് മനസ്സിലായത്. ശ്രീലങ്കയില്‍ നിന്നും ആണ്‍വൃക്ഷത്തിന്റെ പൂവു കൊണ്ടുവന്ന് പരാഗണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

640px-Lodoicea_Maldivica_A

വീണ്ടും ശാസ്ത്രജ്ഞരുടെ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം വൃക്ഷം പിന്നേയും പൂവിട്ടു. ആണ്‍പൂവിന് വേണ്ടി മലയാളിയായ ഡോ. സഹീദ് ജാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വീണ്ടും അന്വേഷണത്തിലായി. ഒടുവില്‍ തായ്‌ലന്‍ിലെ നോണ്‍ഗ് നൂച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമുദ്ര നാളികേര വൃക്ഷമുണ്ടെന്ന് മനസ്സിലാക്കുയും കേന്ദ്രഗവണ്‍മെന്റ് ഇടപെട്ട ചര്‍ച്ചയിലൂടെ പരാഗം കൊല്‍ക്കത്തയില്‍ കൊണ്ടുവരികയുമായിരുന്നു. ശ്രമം വന്‍ വിജയമായി. ഇന്ന് കായ്ഫലവുമായി സമുദ്രനാളികേരം കൊല്‍ക്കത്തയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

പക്ഷേ ഫലം െകായ്യാന്‍ ഇനിയും അഞ്ചു വര്‍ഷം കാത്തിരിക്കണം. കാരണം ഇത് വിളഞ്ഞ് പാകമാകാനുള്ള കാലാവധി 5 വര്‍ഷമാണ്. മാത്രമല്ല പലതരം ഔഷധങ്ങളും മറ്റും ഈ ഫലം കൊണ്ട് തയ്യാര്‍ ചെയ്യുന്നുണ്ട്. ഒരു ഫലത്തിന്റെ വില 20000 മുതല്‍ 30000 വരെയാണ്. അപൂര്‍വ്വത തന്നെയാണ് നാളികേരത്തിന്റെ വില ഇങ്ങനെ ഉയര്‍ന്നു നില്‍ക്കാനുള്ള കാരണം.