ചില പന്നിമാംസ ചിന്തകള്‍

single-img
26 July 2014

Panni

പി.എസ്. രതീഷ്‌

ചില മൃഗങ്ങളുണ്ട്- കാട്ടുപോത്ത്, പുലി, കടുവ, സിംഹം, കരടി, കാട്ടു പന്നി തുടങ്ങിയവ. ഈ മൃഗങ്ങളെ ഈ നാട്ടില്‍ ഏതെങ്കിലും രീതിയില്‍ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പക്ഷേ കോഴി, പോത്ത്, കാള, ഇറച്ചി പന്നി, എന്തിന് പശുവിനെ വരെ നമ്മുടെ നാട്ടില്‍ മാംസത്തിന് വേണ്ടി കൊല്ലാം. കൊല്ലുക മാത്രമല്ല ആ മാംസം കഴിച്ചാല്‍ അതൊരുരകിമിനല്‍ കുറ്റമാകുകയുമില്ല. വന്യമൃഗങ്ങള്‍ എന്നുള്ള പരിഗണന ആദ്യം സൂചിപ്പിച്ച ജീവികള്‍ക്ക് കൊടുക്കുമ്പോള്‍ വ്യവാസായികമായിതന്നെ മാംസോല്‍പ്പാദനത്തിന് വേണ്ടി വളര്‍ത്തുന്ന ജീവികളാണ് പ്രധാനമായും രണ്ടാമതു സൂചിപ്പിച്ചതില്‍ പെടുന്നവ.

എരുമേലി ദേശത്തെ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപകനെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പന്നിമാംസം പാകം ചെയ്ത് നല്‍കിയെന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ കയ്യേറ്റം ചെയ്യുകയും ശേഷം പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തത് മാധ്യമങ്ങളും ഒരു വിഭാഗം ജനങ്ങളും ചില പ്രത്യേക രീതിയില്‍ ആഘോഷിച്ചിരിക്കുന്നു. ഇവിടെ അവര്‍ കണ്ട ഏറ്റവും വലിയ കുറ്റം എന്നുപറയുന്നത് ‘മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പന്നി മാംസം കൊടുത്തു’ എന്നുള്ളതാണ്. (പന്നി മാംസം മാത്രമല്ലായിരുന്നു, കൂട്ടത്തില്‍ കപ്പയുമുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്). ഈ സംഭവങ്ങള്‍ ഒരസാധാരണ സംഭവമായി സമൂഹത്തിന്റെ മുന്നില്‍ റംസാന്‍ വൃതം തീരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള ഈ സമയത്ത് പൊലിപ്പിച്ചു കാട്ടുന്നത് ചില പ്രത്യേക താല്‍പര്യങ്ങളോടെയാണെന്നുള്ളത് തുറന്നു തന്നെ പറയേണ്ടി വരും. കാരണം മതത്തിനെ രാഷ്ട്രീയലാക്കോടെ മാത്രം സമീപിക്കുന്നവരാല്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനം സത്യത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ചില വേറിട്ട ലക്ഷ്യങ്ങളാണ്- അതു മാത്രമാണ്.

നേരത്തെ സൂചിപ്പിച്ച പോലെ കോഴി, ആട്, ഇറച്ചിപന്നി തുടങ്ങിയ ജീവികളെ കൊല്ലുന്നത് നിയമം മുലം നിരോധിച്ചിട്ടില്ലാത്തതിനാലും അല്ലെങ്കില്‍ കൊല്ലാമെന്ന് അംഗീകരിച്ചിട്ടുള്ളതിനാലും ഇവറ്റകളെ കൊല്ലുന്നതോ പാകപ്പെടുത്തുന്നതോ പാചകം ചെയ്യുന്നതോ കുറ്റമായി വരുന്നില്ല. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികള്‍ക്ക് അത് ഭക്ഷിക്കുവാന്‍ നല്‍കി എന്നുള്ളതാണ് ഇവിടെ കുറ്റമായി പറയുന്നത്. പക്ഷേ അതെങ്ങനെ എന്നുള്ളതാണ് ഇനിയും മനസ്സിലാകാത്ത ചോദ്യം?

സ്‌കൂളിലെ പണിക്കാര്‍ക്ക് പാകം ചെയ്ത കപ്പയും മാംസവും അവര്‍ കഴിച്ച് ബാക്കിവന്നപ്പോള്‍ ഈ അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. നല്‍കി എഎന്നു പറഞ്ഞാല്‍ ഒരോ വിദ്യാര്‍ത്ഥികളെയും പിടിച്ച് തുണില്‍ കെട്ടിയിട്ട് വാ പൊളിച്ച് ഉള്ളിലേക്ക് തിരികി വെച്ചുകൊടുക്കുകയായിരുന്നില്ല. ആവശ്യമുള്ളവര്‍ മാത്രം കഴിച്ചാല്‍ മതിയെന്ന നിലപാടാണ് ഈ അദ്ധ്യാപകന്‍ സ്വീകരിച്ചതെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ആവശ്യമുള്ളവര്‍ കഴിച്ചു. വേണ്ടാത്തവര്‍ കഴിച്ചില്ല. ഇനിയാണ് പ്രധാന ചോദ്യം: ഈ സംഭവങ്ങള്‍ ഒരദ്ധ്യാപകനെ കൂട്ടായി ആക്രമിക്കാനും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും അറസ്റ്റുചെയ്യാനുമുള്ള കുറ്റമാകുമോ?

ഈ വര്‍ഗ്ഗീയത എന്നു പറയുന്ന സാധനം ഒരു കാലത്ത് നന്നായി വിറ്റു പോയിരുന്നതും ഇന്ന് ആവശ്യത്തിന് വില്‍ക്കപ്പെടുന്നതുമായ ഒരു സംഗതിയാണ്. മാംസം പാകം ചെയ്ത് കൊടുത്ത അദ്ധ്യാപകന്‍ മറ്റൊരു മതക്കാരനായതിനാല്‍, പണ്ട് പ്രവാചക നിന്ദയ്ക്ക് കൈപ്പത്തി ദാനം നല്‍കേണ്ടി വന്ന ജോസഫ് സാറിനെ പോലെ ഒരു രക്തസാക്ഷിയാക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമാണിതെന്നും ന്യായമായും സംശയിക്കാവുന്ന സംഗതിയാണ്. എന്‍.സി.സി. ക്യാമ്പില്‍ പന്നിമാംസം കഴിക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. അവര്‍ കഴിക്കുകയും ചെയ്തു. പിന്നെയാര്‍ക്കാണ് പ്രശ്‌നം? എന്തിനാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്? എന്തിനാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്? പിന്നെന്തിനാണ് അദ്ദേഹത്ത പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്?

ഇസ്ലാം മത ആഘോഷങ്ങള്‍ക്കിടയ്ക്ക് മാംസം കഴിക്കാത്ത മറ്റേതെങ്കിലും മതക്കാരായ കുട്ടികള്‍ക്ക് ഇസ്ലാം മത വിശ്വാസികളായ കുട്ടികള്‍ മാംസം പാകം ചെയ്ത് കൊടുത്താല്‍, അവര്‍ ഇത്തരത്തില്‍ പ്രതികരിച്ച് അവരുടെ സമൂഹത്തെ ഉണര്‍ത്തി ഈ നാട്ടില്‍ ഒരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ എന്തുഫലമായിരിക്കും ഈ നാട്ടിലുണ്ടാകുക. വിദ്യാഭ്യാസം കൈക്കുമ്പിളില്‍ വെച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്താല്‍ മാത്രം പോര, ചിലപ്പോഴൊക്കെ അതെടുത്ത് ഒന്നു ഉപയോഗിക്കുകയും വേണം. വോട്ടിനും നിറത്തിനും ഭരണത്തിനുമുപരിയായി മനസാക്ഷി എന്നൊരു കാര്യം രാഷ്ട്രീയ- സമുദായ ഭേദമന്യേ എല്ലാവരിലുമുണ്ടെന്നുള്ള കാര്യവും ഓര്‍മ്മയില്‍ നിരത്തണം.

ഇനിയൊരു കാര്യം കൂടി പറയട്ടെ. ഏതിനെയും സമുദായത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവര്‍ ഈ അദ്ധ്യാപകന്‍, രാജീവിനെക്കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ല എന്നുള്ളതാണ് സത്യം. ഈ സ്‌കൂളിലെ മികച്ചൊരു അദ്ധ്യാപകനും നല്ലൊരു സംഘാടകനുമാണ് അദ്ദേഹമെന്നുള്ള കാര്യം അന്വേഷിച്ചാല്‍ ആരും പറഞ്ഞുതരുന്ന കാര്യമാണ്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ വഴികാട്ടിയായ www.english4keralasyllabus.com എന്ന ബ്ലോഗും അദ്ദേഹത്തിന്റെതാണ്. പറഞ്ഞിട്ട് കാര്യമില്ല നല്ലത് മനസ്സിലാക്കാന്‍ കണ്ണു മാത്രം പോലല്ലോ. കുറച്ച് ബുദ്ധിയും വിവരവുമൊക്കെ വേണ്ടേ?

നമ്മുടെ ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതര രാജ്യമെന്നു പറഞ്ഞാല്‍ സര്‍വ്വമതങ്ങള്‍ക്കും അതിന്റേതായ രീതിയില്‍ സ്വതന്ത്ര്യമുള്ള രാജ്യമെന്നര്‍ത്ഥം. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഒരുമതത്തിനും ഈ നാട്ടില്‍ ആരും വിലക്കു കല്‍പ്പിച്ചിട്ടില്ല. ഏതൊരു മതത്തിന്റെ ആഘോഷങ്ങളെയും ഇവിടെ ആരും നിരോധിച്ചിട്ടുമില്ല. പരമാവധി മതനിരപേക്ഷകത്വം കാത്തു സൂക്ഷിക്കുവാന്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ എല്ലാപേരും ശ്രമിക്കാറുണ്ടെന്നുള്ളത് ബൗദ്ധികപരമായി മുന്നില്‍ നില്‍ക്കുന്ന ഒരുകൂട്ടം ജനങ്ങളുടെ സഹകരണമനോഭാവത്തെയാണ് ഉയര്‍ത്തിക്കാടുന്നത്. അതിന്നിടയില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്നവര്‍ ഇതൊന്നും കാണുന്നില്ല എന്നുള്ളതാണ് സത്യം.