കൊച്ചി ബ്ളാക്ക് മെയിൽ പെൺവാണിഭ കേസ്:അഞ്ചാം പ്രതി ജയചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു

single-img
25 July 2014

140627047625jayachandranകൊച്ചി ബ്ളാക്ക് മെയിൽ പെൺവാണിഭ കേസിലെ അഞ്ചാം പ്രതിയെ എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ചേർത്തല സ്വദേശിയായ ജയചന്ദ്രനെയാണ് ബുധനാഴ്ച രാത്രി എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് വച്ച് സാഹസികമായി പൊലീസ് പിടികൂടിയത്. ഇവിടെ ഇയാൾ ഒളിവിൽ കഴിയുക ആയിരുന്നു. അതേസമയം ജയചന്ദ്രന് താമസിക്കാൻ മുറിയെടുത്ത് നൽകിയത് മുൻ എം.എൽ.എയായ ശരത്ചന്ദ്ര പ്രസാദാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

 
ശരത്ചന്ദ്ര പ്രസാദിന്റെ പേരിൽ നോർത്ത് ബ്ലോക്കിലെ നാൽപത്തിയേഴാം നമ്പർ മുറിയിലാണ് ജയചന്ദ്രന്‍ താമസിച്ചിരുന്നത്. എന്നാൽ ജയചന്ദ്രന് താൻ മുറി എടുത്ത് നൽകിയിട്ടില്ലെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. പാർട്ടിക്കാരനായ സുനിൽ കൊട്ടാരക്കര എന്നയാൾക്ക് മുറി നൽകിയിരുന്നു.എന്നാൽ ജയചന്ദ്രന് മുറി നൽകിയിട്ടില്ല. ഈവന്റ് മാനേജ്മെന്റ് ഇടപാടുകാരൻ എന്ന നിലയിൽ ജയചന്ദ്രനെ അറിയാമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

 

ബ്ളാക്ക് മെയിലിംഗ് ചെയ്ത് പണം തട്ടുന്ന കേസിലെ പ്രധാന പ്രതി റുക്‌സാനയുടെ പ്രധാന സഹായിയാണ് ജയചന്ദ്രൻ. റുക്‌സാന അടക്കമുള്ളവർ കേസിൽ അറസ്റ്റിലായതോടെയാണ് ജയചന്ദ്രൻ ഒളിവിൽ പോയത്. ഇയാൾക്കായി പ്രത്യേക സംഘം അന്വേഷണം നടത്തി വരികയായിരുന്നു. കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച മറ്റു പ്രതികൾ ജയചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടു.

 

ഇവരുടെ ഫോൺ പിന്തുടർന്നാണ് ജയചന്ദ്രൻ തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരത്തെത്തി സ്പീക്കറുടെ അനുമതിയോടെ ഷാഡോ പൊലീസ് സംഘം ഹോസ്റ്റലിൽ പരിശോധന നടത്തുകയായിരുന്നു. ലോക്കൽ പൊലീസിനെ ഈ വിവരം അറിയിച്ചിരുന്നുമില്ല. പൊലീസ് സംഘത്തെ കണ്ട ജയചന്ദ്രൻ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.