മൂന്നാറില്‍ തിരിച്ചടി; പൊളിച്ച റിസോര്‍ട്ടിനു സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

single-img
25 July 2014

kerala-high-courtകൊച്ചി: റിസോര്‍ട്ടുകള്‍ പൊളിച്ച് മൂന്നാറില്‍  ഭൂമി തിരിച്ചുപിടിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.  പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു

 

അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുത്ത ദൗത്യസംഘത്തിന്റെ നടപടിയും ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്നാറില്‍ ഭൂമി ഏറ്റെടുക്കുമ്പോഴും കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും സര്‍ക്കാര്‍ നിയമനടപടികളൊന്നും തന്നെ പാലിച്ചില്ല.

അപ്പീല്‍ പോകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാല്‍, റിസോര്‍ട്ട് ഉടമകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഫലമാണ് ഹൈക്കോടതിയുടെ വിധിയെന്ന് പൊതുപ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ആരോപിച്ചു.

വി.എസ്.  മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം രൂപവത്കരിച്ചത്. വി.എസിനെ ഏറെ വിവാദം സൃഷ്ടിച്ചതും മുന്നണിക്കുള്ളിൽ തന്നെ ഏറെ പഴി കേൾക്കേണ്ടി വന്നതുമായ നടപറ്റിയാണു മുന്നാറിലെ കെട്ടിടങ്ങൾ പൊളിച്ചുള്ള ഭൂമി പിടിച്ചെടുക്കൽ.തുടക്കത്തിൽ ഒഴിപ്പിക്കൽ നടപടി കാര്യക്ഷമമായി നടന്നെങ്കിലും പിന്നീട് രാഷ്ട്രീയ സമ്മര്‍ദം മൂലം പിന്നീട് പ്രവര്‍ത്തനം പാതിവഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു