മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ്‌ ലോകോത്തര നിലവാരത്തിലേക്ക്;30 ഏക്കറിൽ ക്ലബ്ബിനും അക്കാദമിക്കും രൂപം നല്‍കും

single-img
25 July 2014

10388469_10204467106376032_654520907_nകൊച്ചി : ഇന്ത്യന്‍ ഫുട്ബോള്‍ ലോകോത്തര നിലവാരത്തില്‍ എത്തിക്കാന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ്‌ ആയി മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ്‌ മാറുന്നു. ഫുട്ബോള്‍ ക്ലബിനൊപ്പം ഫുട്ബോള്‍ അക്കാഡമിയും പദ്ധതിയില്‍ ഉണ്ടെന്ന്‍ ക്ലബ്‌ പ്രസിഡന്റ്‌ എല്‍ദോ ബാബു വട്ടക്കാവില്‍ അറിയിച്ചു.
സഹകരണ മേഖലയില്‍ ആണ് ഫുട്ബോള്‍ ക്ലബ്‌ നിലവില്‍ വരുന്നത്‌. ക്ലബിന്റെ പുതിയ രൂപത്തിലുള്ള രജിസ്ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ വരുന്ന ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കും. മുവാറ്റുപുഴയക്ക് സമീപം 30 ഏക്കറിലാണ്‌ ഉന്നത നിലവാരത്തിലുള്ള ക്ലബ്ബിനും അക്കാദമിക്കും രൂപം നല്‍കുക. പൊതുജനങ്ങളില്‍ നിന്ന്‌ ഓഹരി സമാഹരിച്ചാണ്‌ ആവശ്യമായ ഫണ്ട്‌ കണ്ടെത്തുന്നത്‌. 50 കോടി രൂപയാണ്‌ മൂലധനമായി സ്വരൂപിക്കുക. രണ്ടുലക്ഷത്തിലധികം രൂപയുടെ ഓഹരി വാങ്ങുന്നവര്‍ക്ക്‌ സൗജന്യമായി ക്ലബില്‍ മെമ്പര്‍ഷിപ്പ്‌ നല്‍കും. 15 കോടിരൂപ സ്ഥലം വാങ്ങുന്നതിനായി ഉപയോഗിക്കും. 20 കോടി രൂപ റിസര്‍വ്വ്‌ ഫണ്ടായി ബാങ്കിംഗ്‌ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കും. 10 കോടി രൂപ ഭൂമിയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുമാണ്‌ ഉപയോഗിക്കുക. 1 കോടി രൂപയാണ്‌ ഫുട്ബോള്‍ ടീമിന്റെയും രജിസ്ട്രേഷന്‍ സംബന്ധിച്ച ചെലവുകള്‍ക്കും ആദ്യവര്‍ഷ ഓഫീസ്‌ ചെലവുകള്‍ക്കും പ്രതീക്ഷിക്കുന്നത്‌.

2015 ല്‍ ഫുട്ബോള്‍ ടീം സെലക്ഷന്‍ ആരംഭിക്കും. മികച്ച കളിക്കാരെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നല്‍കി ദേശീയ തലത്തില്‍ ഉയര്‍ത്തികൊണ്ടുവരാനാണ്‌ ആദ്യ പദ്ധതി. മുഖ്യപരിശീലകന്‍, സഹപരിശീലകന്‍, ഗോള്‍കീപ്പര്‍ പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ്‌, തിരുമ്മല്‍ വിദഗ്ദ്ധന്‍, ടീം മാനേജര്‍, ഫുട്ബാള്‍ കിറ്റ്‌ തുടങ്ങി മികച്ച ടീമിന്‌ വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും.
ഗ്രാമീണ തലത്തില്‍ ഫുട്ബോള്‍ വളര്‍ത്തുവാന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ ആരംഭിക്കും. പിന്നോക്കം നില്‍ക്കുന്ന സ്കൂള്‍കള്‍ക്ക് വേണ്ടി സ്കൂള്‍ ഫുട്ബോള്‍ പരിപാടി നടപ്പിലാക്കും. അക്കാദമി ഫുട്ബാള്‍ പദ്ധതിയുടെ ഭാഗമായി ടീന്‍ ഫുട്ബോള്‍. അണ്ടര്‍ 17, അണ്ടര്‍14, അണ്ടര്‍ 8 എന്നീ വിഭാഗത്തില്‍ ആണ് ടീന്‍ പദ്ധതി. സഹകരണ മേഖലയില്‍ – ജനകീയ ഫുട്ബോള്‍ ലക്ഷ്യമാക്കി പൊതുജനങ്ങള്‍കള്‍ക്ക് ഫുട്ബോള്‍ മാള്‍ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ രൂപരേഖ തയ്യാറാക്കും.

30 ഏക്കര്‍ ഭൂമിയില്‍ ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ക്കും കളിക്കാരുടെ താമസ അനുബന്ധ സൗകര്യങ്ങള്‍ക്കുപുറമെ ഓഹരി ഉടമകള്‍ക്കായി വിവിധ വിനോദസൗകര്യങ്ങളും ഒരുക്കും. അന്തര്‍ദേശീയ നിലവാരമുള്ള ക്ലബ്‌ ഹൗസില്‍ കളി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. ഫുട്ബോള്‍ അക്കാദമിക്കു പുറമെ ആയുര്‍വേദ ചികില്‍സ, ഹെല്‍ത്ത്‌ ക്ലബ്‌, ഷട്ടില്‍, ക്രിക്കറ്റ്‌, വോളിബോള്‍, ഫിസിയോതെറാപ്പി സെന്റര്‍ തുടങ്ങിയവയും അതിഥികള്‍ക്കുള്ള താമസ സൗകര്യവും ക്ലബില്‍ വിഭാവന ചെയ്യുന്നുണ്ട്‌. നീന്തല്‍കുളവും ഇക്കോ ഫ്രണ്ട്ലി പാര്‍ക്കും പദ്ധതിയില്‍ ഉള്‍കൊള്ളുന്നുണ്ട്‌. ഫുട്ബോള്‍ ടീം നടത്തികൊണ്ടുപോകുന്നതിനാവശ്യമായ വരുമാനം നിരന്തരം ഉറപ്പുവരുത്തുന്നതിനാണ്‌ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നത്‌. രണ്ടുലക്ഷത്തിലധികം രൂപയുടെ ഓഹരി വാങ്ങുന്നവര്‍ക്ക്‌ ക്ലബിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. സാധാരണകാര്‍ക്ക് വേണ്ടി കുറഞ്ഞ ഓഹരി മെംബെര്‍ഷിപ്‌ ക്ലബ്‌ ലഭമാക്കും.

2006 ല്‍ ആരംഭിച്ച ക്ലബ്‌ എട്ട്‌ വര്‍ഷത്തെ പഠനങ്ങള്‍ക്കുശേഷമാണ്‌ ഇത്തരത്തില്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്‌ എന്ന പ്രൊജക്ട്‌ തയ്യാറാക്കിയത്‌. ഫുട്ബോളിനെ നെഞ്ചേറ്റുന്ന മുവാറ്റുപുഴയില്‍ നിന്നു തന്നെയാവണം തുടക്കമെന്നതിനാലാണ്‌ ക്ലബിന്റെ പേര്‌ മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്‌ എന്ന് ആക്കിയത്‌. പറ്റിയ സ്ഥലം മുവാറ്റുപുഴയില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്തായി പ്രസിഡന്റ്‌ എല്‍ദോ വട്ടക്കാവില്‍ അറിയിച്ചു