ബ്ലാക്ക് ജൂലൈ; ജൂലൈ 24 ലെ കൂട്ടക്കുരുതിയുടെ ഓര്‍മ്മയ്ക്ക് 31 വയസ്സ്

single-img
24 July 2014

1983_rioters _2

2014 ജൂലൈയില്‍ ചന്ദ്രവര്‍ഷത്തെ അടിസ്ഥാനമാക്കി റംസാന്‍ മാസവും വ്രതാനുഷ്ഠാനവും കടന്നുവന്നപ്പോള്‍ ലോകത്തിന്റെ പലയിടത്തും വര്‍ഗ്ഗീയ കലാപങ്ങളും അനുബന്ധ യുദ്ധങ്ങളും കൊടുമ്പിരികൊള്ളുകയാണ്. പാലസ്തീനും ഇറാഖും സിറിയയുമൊക്കെ ജൂലൈമാസത്തിന്റെ നിലവിളികളായി ഈ വര്‍ഷം മാറി. പുതിയ ലോകം ഇതൊക്കെ പരിചയിച്ചുവെങ്കിലും ഗാസയിലും ഇറാക്കിലുമൊക്കെ എന്തിനെന്നുപോലുമറിയാതെ പിടഞ്ഞു വീഴുന്ന ഓരോ പിഞ്ചു ജീവന്റെയും കണ്ണില്‍ അതിനുള്ള കാരണത്തിന്റെ ചോദ്യങ്ങള്‍ കാണാം.

കലാപങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയവയല്ല. മനുഷ്യനുണ്ടായ കാലത്തോളം അതിനു പഴക്കം കാണും. മതവും ദൈവവും വിശ്വാസവുമൊക്കെ അതിന് അടിവളമായി സമയപൂരിതമായി മാറിക്കൊണ്ടിരിക്കും. രാജാക്കന്‍മാര്‍ അഭയാര്‍ത്ഥികളാകും, അഭയാര്‍ത്ഥികള്‍ ഭരിക്കുന്നവരാകും. പക്ഷേ അധികാര- ദൈവീക വടംവലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്കുമാത്രം മാറ്റമുണ്ടാകില്ല. അവര്‍ അഭയാര്‍ത്ഥികളാകും, പക്ഷേ ഒരിക്കലും രാജാക്കന്‍മാരാകില്ല.

മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം ചാര്‍ത്തിക്കൊടുത്ത ഒരു വിളിപ്പേരുണ്ട് ഈ ജൂലൈ മാസത്തിന്- കറുത്ത ജൂലൈ. ശ്രീലങ്കയെന്ന ചെറു ദ്വീപില്‍ വംശവെറിക്കിരയായി പിടഞ്ഞു മരിച്ച ആയിരങ്ങളുടെ ഉറ്റവര്‍ക്ക് പ്രതിഫലമായി കിട്ടിയത് ആ ഒരു വിശേഷണം മാത്രമായിരുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ നിലനില്‍പ്പിനായി ലോകം ഇന്ന് അന്യോന്യം ഇരകളെ തിരയുമ്പോള്‍ മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലനില്‍പ്പിന് മാത്രം ശബ്ദമുയര്‍ത്തിയ ഒരുകൂട്ടം ജനങ്ങളെ സര്‍ക്കാരിന്റെ ഒത്താശയോടെ ചുട്ടുചാമ്പലാക്കിയ ദിവസത്തിന് തുടക്കം കുറിച്ചത് ഈ ദിവസമാണ്- ജൂലൈ 24. ശ്രീലങ്കയിലെ തമിഴ്‌വംശജരെ തിരഞ്ഞ് പിടിച്ച് നശിപ്പിച്ച നാലുദിവസം നീണ്ടുനിന്ന ആ വംശീയ കൂട്ടക്കൊലയില്‍ ഇരയായത് രണ്ടായിരത്തിലധികം പേരും.

അന്നോ അതിനു തൊട്ടുമുമ്പോ തുടങ്ങിയ ഒരു പ്രശ്‌നമായിരുന്നില്ല സിംഹള- തമിഴ് വംശീയത. ശ്രീലങ്കിലെ ആദ്യ കുടിയേറ്റക്കാരായ കിഴക്കന്‍ ഇന്ത്യയിലെ ബുദ്ധമതക്കാരുടെ പിന്‍മുറക്കാരും അതിനുശേഷം അവിടെയെത്തിയ ദക്ഷിണേന്ത്യക്കാരും തമ്മില്‍ വംശീയതയുടെ അടിസ്ഥാനത്തിലുള്ള പകയുടെ കഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്രീലങ്കയിലെ സിംഹളരെ കീഴടക്കി പതിമൂന്നാം നൂറ്റാണ്ടോടെ തമിഴര്‍ ശ്രീലങ്കയില്‍ ആധിപത്യം സ്ഥാപിച്ചതോടെ കലാപങ്ങള്‍ക്ക് രക്തരൂക്ഷിത സ്വഭാവം വന്നു തുടങ്ങിയിരുന്നു. 16-17 നൂറ്റാണ്ടുകളില്‍ തമിഴരെ കീഴടക്കി പോര്‍ച്ചുഗീസുകാര്‍ ആധിപത്യം ഉറപ്പിച്ചതോടെ ശ്രീലങ്ക ഒരര്‍ത്ഥത്തില്‍ രണ്ടായി. സിംഹള മേഖലയും തമിഴ് മേഖലയും.

പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം വന്ന ബ്രട്ടീഷുകാര്‍ സിംഹളരുടെയും തമിഴരുടെയും ശക്തികേന്ദ്രങ്ങളെ ഒന്നിപ്പിച്ച് ബ്രിന്‍ രജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കുകയും രാജ്യത്തെ സിലോണ്‍ എന്ന് പുനഃനാമകരണം ചെയ്യുകയും ചെയ്തു. വംശീയ കലാപം അപ്പോഴും മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു.

1948 ല്‍ ബ്രിട്ടന്‍ ശ്രീലങ്ക വിട്ടുപോയപ്പോള്‍ സിംഹള- തമിഴ് രാഷ്ട്രീയപാര്‍ട്ടികളും തലപൊക്കുവാന്‍ തുടങ്ങി. ഒരര്‍ത്ഥത്തില്‍ സിലോണ്‍ അപ്പോഴും രണ്ടുരാജ്യം പോലെ തന്നെയായിരുന്നു. തമിഴര്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് കീഴില്‍ അണിനിരന്ന് വടക്ക് കിഴക്കന്‍ ജില്ലകള്‍ ഏകോപിപ്പിച്ച് തങ്ങള്‍ക്ക് സ്വയംഭരണാവകാശം വേണമെന്ന് വാദിച്ചു. എന്നാല്‍ 80 ശതമാനം വരുന്ന സിംഹളര്‍ക്ക് മുന്നില്‍ ആവശ്യം നിരാകരിക്കപ്പെട്ടു. തമിഴരോടുള്ള വിവേചനപരമായ പെരുമാറ്റവും അനുകൂലസാഹചര്യങ്ങളിലുള്ള വേട്ടയാടലും സിംഹളര്‍ തുടര്‍ന്നു.

കാലക്രമത്തില്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് ക്ഷയിച്ചു. പകരം ശഫഡറല്‍ പാര്‍ട്ടി നിലവില്‍ വന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം മാതൃകയാക്കി അവര്‍ സ്വതന്ത്ര്യസമരം ആരംഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അവര്‍ സ്വന്തം സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു. സിംഹളരുടെ പ്രതികരണവും കഠിനമായിരുന്നു. ആക്രമണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും അവര്‍ തമിഴരെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പക്ഷേ ഇതിന്റെയെല്ലാം ദുഃഖവശമെന്ന് പറയുന്നത്, ഇന്ത്യ ഇതൊന്നും കണ്ടില്ല അഥവാ കണ്ടതായി ഭാവിച്ചില്ല എന്നുള്ളതായിരുന്നു.

1

1956 ല്‍ സിലോണ്‍ സിംഹള ഓണ്‍ലി ആക്ട് പ്രഖ്യാപിച്ചു. സിംഹള ഭാഷയെ ഔദ്യോഗിക ഭാഷയാക്കിയും സര്‍ക്കാര്‍ ജോലികള്‍ സിംഹള വംശജര്‍ക്ക് മാത്രമായി എസംവരണം ചെയ്തും അവര്‍ തമിഴരോട് പകവീട്ടി. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ അനവധി നടന്നുവെങ്കിലും സര്‍ക്കാര്‍ അതെല്ലാം ക്രൂരമായി അടിച്ചമര്‍ത്തി. നൂറുകണക്കിന് തമിഴ്‌വംശജര്‍ കൊല്ലപ്പെട്ടു. ആക്രമണവും പ്രതിരോധവും ശക്തമായപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ കണ്ണു തുറന്നു. വംശീയ ഒത്തു തീര്‍പ്പ് വ്യവസ്ഥയില്‍ നാമമാത്രമായ സ്വയംപഭരണാവകാശം തമിഴര്‍ക്ക് ലഭിച്ചു.

വംശീയപരമായ കപാപങ്ങള്‍ക്ക് എന്നിട്ടും ഒരു കുറവുണ്ടായിരുന്നില്ല. ഒരുബുദ്ധസന്യാസിയുടെ ആക്രമണത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സോളമന്‍ ബന്ധാരനായകെ കൊല്ലപ്പെട്ടപ്പോള്‍ പകരം അധികാരത്തിലേറിയ അദ്ദേഹത്തിന്റെ വിധവ സിരിമാവേ ബന്ധാരനായകെ ആദ്യം ചെയ്തത് ശ്രീലങ്ക ഓണ്‍ലി ആക്ട് പുനസ്ഥാപിക്കുകയായിരുന്നു. സിലോണിന്റെ പേര് ശ്രീലങ്ക എന്നാക്കി വീണ്ടും മാറ്റുകയും ചെയ്തു. ഏകപക്ഷീയമായ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗാന്ധിദിനത്തില്‍ തമിഴ് എം.പിമാര്‍ സ്ഥാനം രാജിവെച്ച് സമരവുമായി രംഗത്തിറങ്ങി. സ്വതന്ത്രരാജ്യമെന്ന ലക്ഷ്യത്തിനിപ്പുറം കീഴടങ്ങലില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. തമിഴ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ടെന്ന സംഘടനിയിലൂടെ അവര്‍ ഒരുമിച്ചു. പിന്നീടു നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും അവര്‍ മുഖ്യ പ്രതിപക്ഷമായി. പക്ഷേ സിംഹളര്‍ പ്രതികാരനടപടികള്‍ മാത്രം മതിയാക്കിയില്ല.

സമാധാനപരമായ സമരങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണില്‍ ചുവടുറപ്പില്ലെന്ന സത്യം ഗ്രഹിച്ച പുതുതലമുറ സായുധവിപ്ലവത്തിലേക്ക് തിരിഞ്ഞ കാഴ്ചയാണ് പിന്നീട് കണ്ടത്. എല്‍.റ്റി.റ്റി.യുടെ നേതൃത്വത്തില്‍ തമിഴരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ യുവജനങ്ങള്‍ ആയുധമേന്തി. എല്‍.റ്റി.റ്റി.ഇ തുടങ്ങിവെച്ച ആക്രമണ പരമ്പരകളിലൊന്നായിരുന്നു 1983 ലെ ജാഫ്‌നയിലെ ശ്രീലങ്കന്‍ സൈനിക ക്യാമ്പ് ആക്രമണം. പുലികളുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. പക്ഷേ തമിഴര്‍ക്ക് തിരിച്ചുകൊടുക്കേണ്ടി വന്നതോ ആയിരത്തിലധികം മനുഷ്യ ജീവനുകളും.

1958BJ710

ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതറിഞ്ഞ് 1983 ജൂലൈ 24 ന് സംഘടിച്ച സിംഹളര്‍ തമിഴ്‌വംശജര്‍ക്കെതിരെ കലാപം അഴിച്ചു വിടുകയായിരുന്നു. ഒരാഴ്ച നീണ്ട ആ കലാപത്തില്‍ രണ്ടായിരത്തിലധികം തമിഴരാണ് കൊല്ലപ്പെട്ടത്. സിംഹള പ്രദേശങ്ങളില്‍ നിന്നും തമിഴര്‍ കൂട്ടത്തോടെ പാലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപത്തോടെ ശ്രീലങ്ക ഭരണപരമായി പൂര്‍ണ്ണമായും സിംഹളര്‍ക്ക് കീഴടങ്ങി. തമിഴര്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഒതുങ്ങി.

ലോകം കണ്ട ഏറ്റവും ഭയാനകമായ രക്തരൂക്ഷിത ഉന്മൂലനത്തിന്റെ തുടക്കമായിരുന്നു ‘കറുത്ത ജൂലൈ’. വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍.റ്റി.റ്റി.യും നേതാവ് വേലുപിള്ള പ്രഭാകരനും അവസാനിച്ചിട്ടും ഇന്നും അതിന്റെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. തമിഴര്‍ ഇപ്പോഴും അവകാശങ്ങള്‍ ബലികഴിച്ച് അഭയാര്‍ത്ഥികളായി തന്നെ തുടരുന്നു, കാണുവാനും കേള്‍ക്കുവാനും ആരുമില്ലാതെ.