കേരളം കയ്യേറ്റക്കാര്‍ക്ക് ചാകര

single-img
24 July 2014

ജി ശങ്കർ

ഒരു കാലത്ത് കേരളത്തിന് ദൈവത്തിന്റെ നാട് എന്ന് പേരിട്ടതിന് പിന്നില്‍ ഇവിടുത്തെ ജനങ്ങളുടെ സമീപനവും പ്രകൃതിരമണീയതുമായിരുന്നു മുഖ്യകാരണം. എവിടെയും പച്ചിലക്കാടുകളും പ്രകൃതി രമണീയത നിറഞ്ഞ നദികളും, പുഴകളും വയലേലകളും കൊണ്ട് നിബിഢമായ കേരളം എന്ന കേരദേശം ഇന്നോ?. വയലേലകളും പുഴകളും കുന്നുകളും കേരളത്തിന് അന്യം. പുഞ്ചിരിതൂകി വിദേശികളെയും അതിഥികളെയും ആചരിച്ചിരുന്ന മനസ്സുകളില്‍ പകയും വിദ്വേഷവും കാപട്യവും നിറഞ്ഞ മനസ്സുകളുമായി സമൂഹം മാറിയിരിക്കുന്നു. കയ്യേറ്റക്കാര്‍ക്കും, ഭൂമാഫിയകള്‍ക്കും, കൊള്ളപ്പലിശക്കാര്‍ക്കും യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള വിളനിലം. വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിവര്‍ത്തനത്തനങ്ങള്‍ക്കും മുന്നിലായിരുന്ന കേരളം ഇന്ന് ദുര്‍മന്ത്രവാദികള്‍ക്കും ലൈംഗിക പീഡനങ്ങളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 39 ശതമാനം ദാരിദ്രരേഖയ്ക്ക്താഴെയാണ്. തലചായ്ക്കാന്‍ ഒരിടമില്ലാതെ ഇപ്പോഴും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ സംസ്ഥാനം ഭൂമികയ്യേറ്റക്കാര്‍ക്ക് സ്വര്‍ഗ്ഗ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് പട്ടിണിയിലും ദാരിദ്ര്യത്തിലും ജനങ്ങള്‍ മരണമടയുമ്പോള്‍ മറുപക്ഷത്ത് ഒരു പറ്റം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ കയ്യേറി അവിടെ കോടികള്‍ ലാഭം കൊയ്യുന്ന ഫ്‌ളാറ്റുകളും വമ്പന്‍ വ്യവസായ സ്ഥാപനങ്ങളും ഉയരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മലയോര പ്രദേശങ്ങളായ മൂന്നാര്‍, വാഗമണ്‍, വയനാട് എന്നീ വിനോദ സഞ്ചാര പ്രദേശങ്ങളിലാണ് വമ്പന്‍ കയ്യറ്റങ്ങള്‍ നടന്നിട്ടുള്ളതെങ്കില്‍ ഇപ്പോള്‍ അത് കൊച്ചി, munnarതിരുവനന്തപുരം തുടങ്ങിയ മെട്രോസിറ്റി കേന്ദ്രമാക്കിയാണ് നടക്കുന്നത്. കൊച്ചിയില്‍ ഡി. എല്‍. എഫ്  എന്ന വമ്പന്‍ കെട്ടിട നിര്‍മ്മാണ കമ്പിനിയും മറ്റൊരു കമ്പിനിയുമായി നടത്തിയ വിവാദം വന്‍ തലവേദനയാണ്. യു. ഡി. എഫ് സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 441 അനധികൃത നിര്‍മ്മാണങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 103 എണ്ണം നിയമ വിധേയമാക്കിയതും അവശേഷിച്ചതൊക്കെ അനധികൃതവും. ഇതിനെതിരെ കോര്‍പ്പറേഷന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും ഈയിടെ സി. എ. ജി. സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കൊച്ചിയില്‍ പടുകൂറ്റന്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കെട്ടിയുയര്‍ത്താന്‍ അധികാരവൃന്ദം ചെയ്തു എന്നതാണ് കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് ഇന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് നേരെയുള്ള ഒരു പുതിയ അഴിമതി ആരോപണത്തിലേക്ക് വഴി തുറക്കുകയാണ്.

കേരളം ഭൂമികയ്യേറ്റക്കാരുടെ കയ്യിലാണെന്ന് വളരെക്കാലമായി പൊതുവെയുള്ള ഒരു ധാരണ. ഇന്ന് കേരളത്തില്‍ മാത്രമല്ല ഇന്‍ഡ്യയുടെ എല്ലാ സംസ്ഥാനങ്ങളിലും, വിദേശ വ്യവസായികള്‍ക്ക് വരെ അറിവുളള കാര്യമാണ് രാജ്യത്തെ വമ്പന്‍ നിര്‍മ്മാണ കമ്പനിയായ ഡി. എല്‍. എഫ് ഉള്‍പ്പടെയുള്ള ചില വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ കായല്‍ കയ്യേറ്റം നടത്തിയതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചത്. എറണാകുളത്തെ ചിലവന്നൂരിലെ കായലോരത്താണ് ഡി. എല്‍. എഫ് കായല്‍ നികത്തി അനധികൃ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇതുപൊലെ 32 അനധികൃത നിര്‍മ്മാണങ്ങളാണ് കായല്‍ കയ്യേറി നടത്തിയിരിക്കുന്നത്. വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകര്‍ഷമായ കായല്‍ സഞ്ചാരവും കേരളത്തിന് നഷ്ടമാകാന്‍ ഇത്തരം കായല്‍ കയ്യേറ്റങ്ങള്‍ പ്രധാന കാരണമാകും. നീണ്ടകാലയളവെടുത്ത് നടന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തില്‍പോലും ഈ നിയമലംഘന കയ്യേറ്റം ദൃഷ്ടിയില്‍ പെട്ടില്ല. 1986ലെ പരിസ്ഥിതി നിയമമനുസരിച്ച് കായലുകള്‍ക്കും തീരദേശപ്രദേശത്തും 500 മീറ്റര്‍ അരികെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്നാണ്. ഇവിടെ കയ്യേറിയത് കായലാണ്. തീരസംരക്ഷണ നിയമം കാറ്റില്‍ പറത്തി ചെലവന്നൂര്‍ കായല്‍തീരത്ത് 19 വന്‍ കെട്ടിട നിര്‍മ്മാണത്തിനാണ് കോര്‍പ്പറേഷന്‍ കൂട്ട് നിന്നത് എന്നാണ് സി.എ.ജി കണ്ടെത്തിയത്. ഇതില്‍ 21 നിലകള്‍ വരെയുള്ള കെട്ടിട സമുച്ചയം ഉണ്ട്. ഇതും കൊച്ചി പോലുള്ള നഗരത്തിന് അനുമതിയില്ല.

03096_275259കണ്ടുശീലിച്ച ഭൂമികയ്യേറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കൊച്ചിയിലെ ഭൂമികയ്യേറ്റം. കായല്‍ നികത്തുന്നതിന് മുമ്പ് കായലിലേക്ക് ഇരങ്ങി കരിങ്കല്ല് കെട്ടി തിരിച്ചെടുത്ത ശേഷം മണ്ണിട്ടു നികത്തുകയാണ് കയ്യേറ്റക്കാര്‍ ചെയ്യുന്നത്. ഈ കായല്‍ നികത്തല്‍ റവന്യൂ, കോര്‍പ്പറേഷന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല എന്ന് പറയാനാകില്ല. അഞ്ചുകോടിക്കപ്പുറമുള്ള നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം. എന്നാല്‍ അത് ലഭ്യമായിരുന്നില്ല എന്നത് വ്യക്തമാണ്. നിയമലംഘനത്തെ തീരദേശ അതോറിറ്റി അറിയിച്ചിട്ടും കോര്‍പ്പറേഷന്‍ നടപടികള്‍ എടുത്തില്ല എന്നും നിര്‍മ്മാണം നടത്തുന്നതിന് അതോറിറ്റിയുടെ അംഗീകാരം തേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അനധികൃത നിര്‍മ്മാണങ്ങളെ പറ്റി കോര്‍പ്പറേഷനില്‍ വ്യക്തമായ രജിസ്റ്ററുകളും സൂക്ഷിച്ചിട്ടില്ല എന്നതും അഴിമതിയുടെ ഭാഗമായിട്ടേ കരുതാനാകൂ. പ്ലാന്‍ ലംഘിച്ചു നടന്ന നിര്‍മ്മാണങ്ങളില്‍ 76.44 ലക്ഷത്തിന്റെ വരുമാന നഷ്ടം സര്‍ക്കാരിന് നഷ്ടമായിട്ടുണ്ടെന്നും സി. എ. ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വന്‍ ബിസിനസ് പ്രാധാന്യമുള്ള ഫോര്‍ട്ട് കൊച്ചിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ വന്‍ ഒത്താശകള്‍ ചെയ്തതായി സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വ്യോമയാന വിഭാഗത്തിന്റെ അനുമതിയില്ലാത്തതിനാല്‍ 11 നിലകള്‍ക്ക് മാത്രം അനുമതി ലഭിച്ച കെട്ടിടങ്ങള്‍ക്ക് 12 നിലകളില്‍ കൂടുതല്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അവസരം ലഭിച്ചാല്‍ ആകാശം വരെ വിറ്റ് കാശാക്കുന്നവരാണ് കെട്ടിട നിര്‍മ്മാതാക്കള്‍ എന്നും പരക്കെ പറയപ്പെടുന്നു.

dlfyകൊച്ചി മാത്രമല്ല ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ഭൂമികയ്യേറ്റവും അനധികൃത ഖനനവും നിര്‍ബാധം തുടരുന്നു. ആറന്‍മുള വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പും വന്‍ വിവാദമായിരുന്നു. അവിടുത്തെ നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുക മാത്രമല്ല ഏകദേശം 2.57 ഹെക്ടര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് വിമാന കമ്പനിയായ കെ.ജി.എസ്സ് ഗ്രൂപ്പ് കയ്യേറിയത്. ഏകദേശം 3500 ഏക്കര്‍ പുഞ്ച കൃഷിയിടമാണ് റണ്‍വേയ്ക്കുവേണ്ടി കെ.ജി.എസ്സ്. നികത്തിയത്. ആറന്‍മുളയുടെ പൈതൃകെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു വിമാനക്കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ അവസാനം ഹൈക്കോടതി വേണ്ടി വന്നു ആറന്‍മുളയുടെ പൈതൃകത്തെ കാത്തു രക്ഷിക്കാന്‍. മുന്‍കാലങ്ങളില്‍ മലയോര പ്രദേശങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ മെട്രോ നഗരങ്ങളാണ് കയ്യേറ്റക്കാര്‍ ലക്ഷ്യമിടുന്നത്.
വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അപ്പോള്‍ ചില തിരിച്ചു പിടിക്കലുകളും നടപടികളും ഉണ്ടാകും. അതിന്റെ ചൂടാകുമ്പോഴേക്കും പഴയപടി കയ്യേറ്റങ്ങള്‍ നടക്കുന്നതും നിത്യസംഭവമായി മാറുന്നു. ഇതിനു പിന്നില്‍ വന്‍ രാഷ്ട്രീയ ബലമുള്ളവര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം കയ്യേറ്റം നിര്‍ബാധം തുടരും എന്നതില്‍ സംശയമില്ല. അതിനു ഓശാന പാടാന്‍ കുറെ ഉദ്യാഗസ്ഥരും രാഷ്ട്രീയക്കാരും ഉള്ളപ്പോള്‍!