20-)ം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; വിജയ്‌ കുമാര്‍ ഇന്ത്യയുടെ പതാക വാഹകൻ

single-img
23 July 2014

commonwealth-games-glasgow-2014-flag-and-logoഗ്ലാസ്‌ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്ട്‌ലന്‍ഡിനെ ഗ്ലാസ്‌ഗോയില്‍ ഇന്ന് തുടക്കം. രാത്രി 12.30 നാണ് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍. വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്‌റ്റില്‍ ഷൂട്ടിംഗ്‌ താരം വിജയ്‌ കുമാര്‍ ഇന്ത്യയുടെ പതാക വാഹകനാകും. 71 രാജ്യങ്ങളില്‍നിന്നുള്ള 4,500 കായിക താരങ്ങളാണു ഗെയിംസില്‍ മത്സരിക്കുക.

ജമൈക്കയുടെ ലോകറെക്കോഡ്‌ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്‌, ഇംഗ്ലണ്ടിന്റെ മധ്യദൂര ഓട്ടക്കാരന്‍ മോ ഫറാ എന്നിവരാണു ഗ്ലാസ്‌ഗോയില്‍ താരങ്ങളാകുമെന്നു കരുതുന്നത്‌.

11 ദിവസള്‍ നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 18 ഇനങ്ങളിലായി 261 മെഡല്‍ ജേതാക്കളെ കണ്ടെത്തും. ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ്‌ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റാണിത്‌. 14 ഇനങ്ങളിലായി 215 ഇന്ത്യക്കാരാണു ഗ്ലാസ്‌ഗോയില്‍ മത്സരിക്കുന്നത്‌. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമായി 101 മെഡലുകള്‍ നേടി ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ 125 മെഡലുകളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഗുസ്‌തിയില്‍ ഗ്രീക്കോ റോമന്‍ വിഭാഗവും ഒഴിവാക്കിയിട്ടുണ്ട്‌. കഴിഞ്ഞ ഗെയിംസില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തിലായി എട്ടു മെഡലുകളാണ്‌ ഇന്ത്യ നേടിയത്‌. ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍ പരുക്കു മൂലം പിന്‍മാറിയതും ഇന്ത്യക്കു തിരിച്ചടിയായി. കഴിഞ്ഞ ഗെയിംസില്‍ സൈന നേടിയ സ്വര്‍ണമാണ്‌ ഇന്ത്യയെ രണ്ടാംസ്‌ഥാനക്കാരാക്കിയത്‌.