തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം നാലാമത്തെ മകനായി ഷെഫീക്കിനെ ഏറ്റെടുക്കുന്നുവെന്ന് മന്ത്രി മുനീര്‍

single-img
22 July 2014

Ministerതന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം നാലാമത്തെ മകനായി ഷെഫീക്കിനെ താന്‍ ഏറ്റെടുക്കുന്നുവെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ നിലയ്ക്കാത്ത കയ്യടി. അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയ കുഞ്ഞു ഷെഫീക്കിന് അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സ്‌നേഹനിര്‍ഭരമായ സ്വാഗതച്ചടങ്ങിലാണ് മന്ത്രി മുനീറിന്റെ പ്രഖ്യാപനം.

സ്വന്തം അമ്മ അല്ലാതിരുന്നിട്ടും ഒരമ്മയുടെ എല്ലാ സ്‌നേഹവും നലകി ഷെഫീക്കിനെ പരിചയിക്കുന്ന ആയ രാഗിണി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മഹത്തായ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മാതാവു നല്‍കുന്നതിനേക്കാള്‍ സ്‌നേഹമാണ് രാഗിണി ഷെഫീക്കിനു നല്‍കുന്നത്.
പീരുമേട്ടിലെ കോലാഹലമേട്ടില്‍ തൊഴിലാളി നേതാവായ ഹരിഹരന്റെ മകളും അംഗന്‍വാടി ജീവനക്കാരിയുമായ രാഗിണി യാതൊരു പ്രതിഫലവും മോഹിക്കാതെയാണ് 11 മാസത്തോളമായി ഷെഫീക്കിനെ പരിചരിക്കുന്നത്.

എല്ലാക്കാലവും തന്റെ വാവയായ ഷെഫീക്കിനോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്ന് രാഗിണി പറഞ്ഞത് ഷെഫീക്കിനോടുള്ള സീമാതീതമായ സ്‌നേഹത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഷെഫീക്കിനിഷ്ടപ്പെട്ട ആനയും പാവയും ഉപഹാരങ്ങളും മന്ത്രി മുനീര്‍ നല്‍കിയപ്പോള്‍ ഷെഫീക്കിനും രാഗിണിക്കും പെരുന്നാള്‍ വസ്ത്രങ്ങളും ഉപഹാരങ്ങളും നല്‍കി മന്ത്രി മുനീറിന്റെ ഭാര്യ നഫീസയും മക്കളായ മുഹമ്മദ് മിന്നാഹും ആമിന ഫാത്തിമ മലീഹയും സദസ്യരുടെ പ്രശംസ പിടിച്ചുപറ്റി. കടുത്ത നോമ്പിനിടയിലാണ് മന്ത്രിയുടെ ഭാര്യയും മക്കളും ഷെഫീക്കിനെ കാണാന്‍ തൊടുപുഴയിലെത്തിയത്.

രാഗിണിയുടെ മടിയിലിരുന്ന് കുസൃതികാട്ടിയ ഷെഫീക്കിനെ മന്ത്രിമാരായ എം.കെ മുനീറും പി.ജെ ജോസഫും സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. അസ്സലാമു അലൈക്കും, ഞാന്‍ രാജാവാണ് എന്നീ ചുരുങ്ങിയ വാക്കുകള്‍ മൈക്കിലൂടെ ഷെഫീക്ക് ഉച്ചരിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു. താനും കുഞ്ഞു ഷെഫീക്കും ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും നന്ദി പറയുന്നതും മന്ത്രി മുനീര്‍ സാറിനോടാണെന്ന് ആയ രാഗിണി പറഞ്ഞു. ഷെഫീക്കിനെ പരിചരിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആസ്പത്രി ജീവനക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അംഗങ്ങള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്കും രാഗിണി നന്ദി രേഖപ്പെടുത്തി.