മോഷ്ടിക്കാന്‍ കയറി വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്നശേഷം ഒന്നു മയങ്ങി; ഉറക്കമെണീറ്റപ്പോള്‍ ചുറ്റും പോലീസ്: മൊട്ടജോസ് അങ്ങനെ അകത്തായി

single-img
21 July 2014

mottaമോഷ്ടിക്കാന്‍ കയറിയ വീട്ടിലെ പ്ലാവില്‍ നിന്നും ചക്കയിട്ട് തിന്ന ശേഷം മയങ്ങുകയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസിന്റെ പിടിയിലായി. വെളുപ്പിനെ കൂര്‍ക്കംവലി കേട്ട് വീട്ടമ്മ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഉറങ്ങുന്ന മജാസിനെ കണ്ടത്. അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് പട്രോളിങ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ ഇരുനൂറോളം കവര്‍ച്ചക്കേസില്‍ പ്രതിയായ മൊട്ട ജോസ് 2011ല്‍ അട്ടക്കുളങ്ങര ജയിലില്‍നിന്നു തടവുചാടിയാണ് കൊല്ലത്തെത്തിയത്. ജില്ലയില്‍ ഏഴു കവര്‍ച്ച നടത്തിയശേഷമാണ് പിടിയിലായത്. കന്റോണ്‍മെന്റ് സൗത്ത് ഗവ. ടിടിഐക്കു സമീപം സലാഹുദീന്റെ വീടിന്റെ ജനാല വളച്ച് സ്വര്‍ണവും പണവും കവര്‍ന്നതാണ് ഒടുവില്‍ രജിസ്റ്റര്‍ചെയ്ത കേസ്. പിടിക്കപ്പെടാതിരിക്കാന്‍ സലാഹുദീന്റെ വീട്ടിലെ മോഷണത്തിനിടയില്‍ പ്രത്യേക ശ്രദ്ധ കാട്ടിയിരുന്നെങ്കിലും അബദ്ധത്തില്‍ പതിഞ്ഞ വിരലടയാളമാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ സഹായകമായത്.

പകല്‍ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകള്‍ മനസ്സിലാക്കിയശേഷം രാത്രി വീടുകളുടെ വാതിലുകള്‍ തീയിട്ടു നശിപ്പിച്ച് അകത്തുകയറുന്നതാണ് മൊട്ട ജോസിന്റെ ശൈലി. മോഷണത്തിനിടെ പാചകംചെയ്ത് ഭക്ഷണം കഴിക്കുന്നതും അതിനുശേഷം അവിടെത്തന്നെ മലമൂത്രവിസര്‍ജനം നടത്തുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. 2011ല്‍ ജയില്‍ ചാടിയശേഷം രണ്ടാംകുറ്റി ജ്യോതിസ് നഗറില്‍ കെഎസ്ആര്‍ടിസി റിട്ട. മാനേജര്‍ സരസ്വതിയമ്മയുടെ വീട്ടില്‍ നിന്നും നിലവിളക്കും നിറപറയുമായി കടന്നു കളഞ്ഞതും ജോസാണെന്ന് പോലീസ് പറഞ്ഞു.

ആനന്ദവല്ലീശ്വരം ശാന്താനിവാസില്‍ രാധാകൃഷ്ണന്‍നായരുടെ വീട്ടില്‍ കയറുകയും വീട്ടിലെ ഫ്രിഡ്ജില്‍ ഇരുന്ന പാലെടുത്ത് ചായ ഉണ്ടാക്കി കുടിച്ചശേഷം നിന്ന് നാലുപവന്റെ ആഭരണങ്ങളും 10,000 രൂപയും കവര്‍ന്നതും ജോസായിരുന്നു. ആള്‍ത്താമസമില്ലാത്ത ഏതുവീട്ടില്‍ കയറിയാലും ഉള്ള സൗകര്യത്തില്‍ അവിടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുക ജോസിന്റെ ദൗലബ്യമാണ്. ആഴ്ചകളോളം ആളില്ലാത്ത വീടുകളില്‍ ജോസ് ഭക്ഷണവും ഉറക്കവുമായി ഒന്നുരണ്ട് ദിവസം തങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു.