ജഡേജ-ആന്‍ഡേഴ്‌സണ്‍ വിവാദം: വീഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കില്ല

single-img
21 July 2014

jdu-anderലണ്ടന്‍:  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ രവീന്ദ്ര ജഡേജയെ ജയിംസ് ആന്‍ഡേഴ്‌സണ്‍ തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ല. ഈ വാദത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ടീം മാനേജ്മെന്റ് രംഗത്തുവന്നു. എന്തുകൊണ്ട് നിര്‍ണായകമായ ഈ ദൃശ്യങ്ങള്‍ കിട്ടാതെ പോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം ദിവസം ലഞ്ച് സമയത്ത് പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഡ്രസ്സിങ് റൂമിന് തൊട്ടുപുറത്തുവെച്ചായിരുന്നു ആന്‍ഡേഴ്‌സന്റെ കടന്നാക്രമണം. ഇന്ത്യന്‍ ടീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലെവല്‍-3 കുറ്റം ചുമത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്.

ചൊവ്വാഴ്ച ഐ.സി.സി. നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷണറായ ഓസ്‌ട്രേലിയക്കാരന്‍ ഗോര്‍ഡന്‍ ലൂയീസ് ആന്‍ഡേഴ്‌സന്റെ മൊഴിയെടുക്കും. കളിക്കാരില്‍നിന്ന് മുമ്പെടുത്ത മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ഡ്രസ്സിങ് റൂമിന്റെ പുറത്ത് സ്ഥാപിച്ചിട്ടുള്ള വീഡിയോ ക്യാമറയിലെ ദൃശ്യങ്ങള്‍കൂടി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ സമയത്ത് ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ കിട്ടില്ലെന്നും നോട്ടിങ്ങാംഷയറിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിശദീകരണം ദുരൂഹമാണെന്നും മത്സരം സംപ്രേഷണം ചെയ്യുന്നവരില്‍നിന്ന് വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരിക്കയാണ്.