മകന്റെ മൃതദേഹം വീട്ടിലെത്തിക്കാനാകാതെ വഴി തടഞ്ഞിരുന്ന അഭിഭാഷകന്റെ മതില്‍ നാട്ടുകാര്‍ ഇടിച്ചു നിരത്തി; പതിനൊന്നു വര്‍ഷമായി ഈ കുടുംബം റോഡിലിറങ്ങുന്നത് മതിലിന് മുകളിലൂടെ നടന്ന്

single-img
21 July 2014

Pottiബൈക്കപകടത്തില്‍ മരിച്ച മകന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴി നല്‍കാതെ മതില്‍കെട്ടിയടച്ച അഭിഭാഷകന്റെ പ്രസ്തുത മതില്‍ രോഷാകുലരായ നാട്ടുകാര്‍ ഇടിച്ചു നിരത്തി. കഴിഞ്ഞ ദിവസം ഉപ്പിടാംമൂട് പാലത്തിന് സമീപം ബൈക്കപകടത്തില്‍ മരിച്ച ഒറ്റുകാല്‍ തെരുവിലെ സുന്ദര്‍ രാജന്‍ പോറ്റിയുടെ മകന്‍ ശ്രീകാന്തി (23) ന്റെ മൃതദേഹം വീടിനുള്ളിലേക്ക് കൊണ്ടു പോകാന്‍ കഴിയാതെ പെരുവഴിയിലായതിനെ തുടര്‍ന്നായിരുന്നു സംഭവം.

കഴിഞ്ഞ 11 വര്‍ഷമായി വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള രജന്‍ പോറ്റിയുടെ ഗോകുലം വീട്ടിലേക്കുള്ള വഴി അയല്‍ക്കാരനും അഭിഭാഷകനുമായ പ്രസാദ് കെട്ടിയടച്ചിരിക്കുകയായിരുന്നു. പോറ്റി വസ്തുവാങ്ങുന്ന സമയത്ത് ഉണ്ടായിരുന്ന നടവഴി പോലും ഒരുവര്‍ഷം കഴിഞ്ഞ പ്പോള്‍ തങ്ങളുടെ വസ്തുവാണെന്ന് പറഞ്ഞ് ഇയാള്‍ കെട്ടി അടയ്ക്കുകയായിരുന്നു. വഴി കെട്ടിയടച്ചതിനെ തുടര്‍ന്ന് സുന്ദര്‍ രാജന്‍ പോറ്റിയും കുടുംബവും മതിലിനു മുകളില്‍ കൂടി നടന്നാണ് പുറത്തേക്കു പോയിരുന്നത്.

അഭിഭാഷകന്റെ വീടിനോടു ചേര്‍ന്നുള്ള പോറ്റിയുടെ ഭൂമിയെടുത്തിട്ട് പകരം കാല്‍നടയ്ക്ക് വേണ്ടി ചെറിയൊരു വഴി തരണമെന്ന് പോറ്റി അഭിഭാഷകനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന നിരസിക്കപ്പെട്ടതോടെ പോറ്റിക്കും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള വഴി ഇയാള്‍ അടച്ചു കെട്ടിയ മതിലിനു മുകളിലൂടെയായി. പോറ്റിക്ക് പുറമെ മക്കളായ മരണപ്പെട്ട ശ്രീകാന്ത്, സഹോദരന്‍ ശ്രീനാഥ് എന്നിവര്‍ മതിലിനു മുകളിലൂടെയായിരുന്നു പുറത്തേക്ക് പോയിരുന്നത്. ഭാര്യ ഉഷ മതിലിനു മുകളിലൂശട നടക്കാനാകാത്തതു മൂലം പുറത്തേക്കിറങ്ങാറില്ല.

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ സുന്ദര്‍ രാജന്‍ പോറ്റി പുലര്‍ച്ചകളില്‍ മതിലിനു മുകളിലൂടെയുള്ള യാത്രയില്‍ നിരവധി തവണ നിലത്തുവീണ് അപകടത്തിനിരയാിട്ടുണ്ട്. വഴിത്തര്‍ക്കത്തെ സംബന്ധിച്ചു ഇരുവരും തമ്മിലുണ്ടായിരുന്ന കേസില്‍ പോറ്റിക്കനുകൂലമായി വിധി വന്നു. ഒരു ലിംഗ്‌സ് വഴി പോറ്റിക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം കോടതി ശരിവച്ചതോടെ അഭിഭാഷകന്‍ അപ്പീലിന് പോവുകയാണുണ്ടായത്.

റസിഡന്റ് അസോസിയേഷനുകളും നാട്ടുകാരും വഴിക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ഇയാളോട് സംസാരിച്ചിരുന്നെങ്കിലും ഇയാള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ഇത്രയും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും മരിച്ച മകന്റെ മൃതദേഹം വീട്ടുമുറ്റത്തെത്തിക്കാന്‍ ഇയാള്‍ കരുണ കാണിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയത്. ആ ഒരു മനഃസാക്ഷിപോലും കാണിക്കാത്തിലുള്ള നാട്ടുകാരുടെ രോഷമാണ് മതില്‍തകര്‍ക്കലിന് ഇരയാക്കിയത്.