ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പതറുന്നു

single-img
21 July 2014

lordsലണ്ടന്‍: ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയൊരുക്കിയ 319 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് പതറുന്നു. നാലാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സെടുത്ത നായകന്‍ അലസ്റ്റര്‍ കുക്ക്, സാം റോബിന്‍സണ്‍ (7), 27 റണ്‍സെടുത്ത ഗ്യാരി ബെല്ലന്‍സ്,  ഇയാന്‍ ബെല്ല്(1) തുടങ്ങിയവരാണ് പുറത്തായത്. ഇപ്പോൾ ക്രീസിൽ 14 റണ്‍സെടുത്ത ജോ റൂട്ടും, 15 റണ്‍സെടുത്ത അലിയുമാണ് നിൽക്കുന്നത്.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യന്‍ ഇന്നിങ്സില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനെ ബൗണ്ടറി പായിച്ചാണ് മുരളി വിജയ് തുടങ്ങിയത്. പിന്നീട് ഇരുവരും പ്രതിരോധത്തിലൂന്നി ബാറ്റുവീശിയപ്പോള്‍ സ്കോര്‍ ബോര്‍ഡ് ഇഴഞ്ഞു.
എന്നാല്‍ സ്കോര്‍ 202 ല്‍ എത്തിയപ്പോള്‍ ലിയാം പ്ലങ്കറ്റിന്‍റെ ലെഗ്ത് ബോളിന്‍റെ ദിശയറിയാതെ ബാറ്റുവെച്ച ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ലിപ്പില്‍ ഇയാന്‍ ബെല്ലിന് പിടികൊടുത്തു മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ധോണിക്ക് പിന്നാലെ ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബിന്നിക്ക് അധികം ആയുസുണ്ടായിരുന്നില്ല.

അലിയുടെ പന്തില്‍ കുക്ക് തന്നെ പിടിച്ചാണ് ബിന്നിയെ പുറത്താക്കിയത്. അവസാന അംഗീകൃത ബാറ്റ്സ്മാനും കൂടാരം കയറിയതോടെ പ്രതീക്ഷയുടെ ഭാരം മുഴുവന്‍ മുരളി വിജയ്യുടെ ചുമലിലായി.  സെഞ്ചുറിക്ക് വെറും അഞ്ച് റണ്‍സ് അകലത്തിലാണ് ജയിംസ് അന്‍ഡേഴ്സന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് വിജയ് മടങ്ങിയത്.
ഒരിക്കല്‍ കൂടി ഇന്ത്യന്‍ വാലറ്റം കരുത്തുകാട്ടി. ഭുവനേശ്വര്‍ കുമാറും, രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്‍റെ വേഗം കൂട്ടി.

ഇംഗ്ലീഷ് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും അനായാസം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 57 പന്തില്‍ 68 റണ്‍സെടുത്ത ജഡേജ ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ അലസ്റ്റര്‍ കുക്കിന്‍റെ കൈയിലൊതുങ്ങി. പിന്നാലെയെത്തിയ മുഹമദ് ഷാമി അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന്‍റെ കൈകളിലെത്തി. ഇശാന്ത് ശര്‍മയെ കൂട്ടുപിടിച്ച് ഭുവനേശ്വര്‍ കുമാര്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി സ്വന്തമാക്കി.