ഉക്രെയിനിൽ ആഭ്യന്തര പ്രശ്‌നം:ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി മാറ്റണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്

single-img
20 July 2014

download (16)ഉക്രെയിനിൽ ആഭ്യന്തര പ്രശ്‌നം വഷളായ സാഹചര്യത്തില്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അടിയന്തരമായി മാറ്റണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.ലുഗാന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഏകദേശം 1000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ എംബസി അധികൃതര്‍ ലുഗാന്‍സ്‌കില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു.

 
ഇതില്‍ ഏകദേശം 350 പേര്‍ മലയാളികളായിരുന്നു. ഇവരെ ട്രെയിന്‍ മാര്‍ഗം കീവിലെത്തിക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സൗകര്യം ചെയ്തിട്ടുമുണ്ട്.ലുഗാന്‍സ്‌കില്‍ നിന്ന് കീവിലേക്ക് ഇപ്പോഴും ട്രെയിന്‍ സര്‍വീസ് തുടരുന്നതായും ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചിട്ടുണ്ട്. കിട്ടുന്ന ഏറ്റവും ആദ്യത്തെ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ലുഗാന്‍സ്‌ക് വിടണമെന്ന് അംബാസഡര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഇപ്പോഴും ഉക്രെയിനില്‍ തുടരുന്ന മലയാളി വിദ്യാര്‍ഥികളോ/അവരുടെ രക്ഷിതാക്കളോ നോര്‍ക്ക-റൂട്ട് കാള്‍ സെന്ററുമായി ഉടനെ ബന്ധപ്പെടണം.

 
വിളിക്കേണ്ട നമ്പര്‍: ഇന്ത്യയില്‍ നിന്ന് 1800 425 3939. വിദേശത്ത് നിന്ന് – 0091 471 2333339. വിദ്യാര്‍ഥിയുടെ പേര്, താമസസ്ഥലത്തെ മേല്‍വിലാസം, പഠിക്കുന്ന സ്ഥാപനം, ഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പെടെ അവരെ തിരികെയെത്തിക്കുന്നതിന് സഹായിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാക്കണമെന്ന് നോര്‍ക്ക വകുപ്പ് അധികൃതര്‍ അറിയിച്ചു. നോര്‍ക്ക ഈ വിശദാംശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതാണ്.