പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷയ്ക്ക് ഇനി “സൂതികശ്രീ’ അംഗങ്ങൾ

single-img
19 July 2014

download (11)കാലം മാറിയതോടെ പ്രസവാനന്തര ശുശ്രൂഷ അറിയുന്നവരുടെ എണ്ണം കുറയുകയും പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷയ്ക്ക് ആളില്ലാതായ സ്ഥിതി ഉണ്ടാകുന്ന സ്ഥിതി മറികടക്കാൻ വേണ്ടി കുടുംബശ്രീ രംഗത്ത് .ഇനി മുതൽ പ്രസവാനന്തര ശുശ്രൂഷ നല്‍കാന്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ‘സൂതികശ്രീ’ അംഗങ്ങളെത്തും .ആഗസ്ത് പകുതിയോടെ പദ്ധതി കുടുംബശ്രീ തുടങ്ങും.

 

പ്രസവശേഷമുള്ള എണ്ണതേച്ചുകുളി, വേത് പിടിക്കല്‍, കുഞ്ഞിനെ കുളിപ്പിക്കല്‍ എന്നിങ്ങനെ പരിചരണങ്ങളെല്ലാം ഇനി മുതൽ ഇവർ ചെയ്യും. ശുശ്രൂഷയ്ക്ക് ആവശ്യമായ എണ്ണ, കുഴമ്പ്, വേതിന് ഇടേണ്ട ഔഷധങ്ങള്‍ തുടങ്ങിയവ അടങ്ങിയ കിറ്റ് നല്‍കിയിട്ടുണ്ട്. ഓരോ ആഴ്ചയും ഉപയോഗിക്കേണ്ട ഔഷധങ്ങള്‍ വെവ്വേറെയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തെറ്റാതെ അവ നല്‍കാനാവും. 28 ദിവസത്തെ ശുശ്രൂഷയാണ് ‘സൂതികശ്രീ’ പദ്ധതിയിലുള്ളത്. ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വീതം.

 

തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ‘സൂതികശ്രീ’ അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സൂതിക പ്രഗ്നന്‍സി കെയര്‍’ ആണ് പരിശീലനം നല്‍കുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് ആറ് പേര്‍ വീതം 12 പേരെ തിരഞ്ഞെടുത്തു. ഇവര്‍ക്കുള്ള 32 ദിവസത്തെ പരിശീലനം പൂര്‍ത്തിയായി.

 

ആരോഗ്യം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ‘സൂതികശ്രീ’യിലേക്ക് വനിതകളുടെ തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമായി 55 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഏതു വീട്ടിലാണോ പ്രസവശുശ്രൂഷ ചെയ്യുന്നത് ആ വീട്ടുകാരുടെ അഭിപ്രായം മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്താനുള്ള ആപ്ലിക്കേഷന്‍ സംവിധാനവും ഉണ്ട്. ആവശ്യമെങ്കില്‍ മനശ്ശാസ്ത്രജ്ഞനുമായി അമ്മയ്‌ക്കോ മറ്റുള്ളവര്‍ക്കോ സംസാരിക്കാം, ഉപദേശം തേടാം.

 

പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദം കുറയ്ക്കാനായി സംഗീത മസാജ് തെറാപ്പിയുമുണ്ട്. മൊബൈല്‍ ഫോണിലൂടെയാണ് സംഗീത ചികിത്സ.