ലോര്‍ഡ്‌സ് ടെസ്റ്റ്: ഇന്ത്യക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച; രഹാനെയ്‌ക്ക് സഞ്ചുറി; ആന്‍ഡേഴ്‌സണ് നാലു വിക്കറ്റ്‌

single-img
18 July 2014

cookലോര്‍ഡ്‌സ്:  രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 290 റണ്‍സ്‌ എന്ന നിലയിലാണ്‌. ടോസ്‌ നഷ്‌ടപ്പെട്ടു ബാറ്റിംഗിന്‌ അയയ്‌ക്കപ്പെട്ട ഇന്ത്യയെ വിവാദ നായകന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിര എറിഞ്ഞോടിച്ചു. 154 പന്തില്‍ നിന്ന്‌ 15 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍െപ്പടെ 103 റണ്‍സ്‌ നേടിയ അജിന്‍ക്യ രഹാനെയ്‌ക്കൊഴികെ മറ്റുള്ളവർ എല്ലാം ലോര്‍ഡ്‌സിലെ വേഗതയേറിയ പിച്ചില്‍ പിടിച്ചു നില്‍ക്കാനായില്ല.

ആന്‍ഡേഴ്‌സണ്‍ നാലു വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌റ്റ്യുവര്‍ട്ട്‌ ബ്രോഡും ഒരോ വിക്കറ്റ്‌ നേടി ലിയാം പ്ലങ്കറ്റ്‌, ബെന്‍ സ്‌റ്റോക്‌സ്, മുയീന്‍ അലി എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. ബൗളിംഗിനെ തുണയ്‌ക്കുന്ന ലോര്‍ഡ്‌സിലെ പിച്ചില്‍ ആന്‍ഡേഴ്‌സണും സംഘവും മനോഹരമായി പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഏഴു റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കി ആന്‍ഡേഴ്‌സണാണ്‌ ഇന്ത്യന്‍ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്‌.

പിന്നീട്‌ നിശ്‌ചിത ഇടവേളയില്‍ വിക്കറ്റ്‌ കളഞ്ഞുകുളിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിന്‌ സമ്മര്‍ദ്ദം ഒഴിവാക്കി. മുരളി വിജയ്‌(24), ചേതേശ്വര്‍ പൂജാര(28), വിരാട്‌ കോഹ്ലി(25), മഹേന്ദ്ര സിംഗ്‌ ധോണി(1), രവീന്ദ്ര ജഡേജ(3) സ്‌റ്റ്യുവര്‍ട്ട്‌ ബിന്നി(9) എന്നിവര്‍ കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ കീഴടങ്ങിയതോടെ ഏഴിന്‌ 145 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു.
എട്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രഹാനെ ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണ്‌ പിന്നീട്‌ ടീം ഇന്ത്യയെ കരകയറ്റിയത്‌. ഇരുവരും ചേര്‍ന്ന്‌ 90 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ  14 റണ്ണോടെ ഷമിയും 12 റണ്ണുമായി ഇഷാന്ത്ശർമ്മയുമാണ് ക്രീസിൽ.

സ്‌കോര്‍ ബോര്‍ഡ്‌
ഇന്ത്യ
മുരളി വിജയ്‌ സി ബാലന്‍സ്‌ ബി പ്ലങ്കറ്റ്‌ 24, ശിഖര്‍ ധവാന്‍ സി ബാലന്‍സ്‌ ബി ആന്‍ഡേഴ്‌സണ്‍ 7, ചേതേശ്വര്‍ പൂജാര ബി സ്‌റ്റോക്‌സ് 28, വിരാട്‌ കോഹ്ലി സി പ്രിയോര്‍ ബി ആന്‍ഡേഴ്‌സണ്‍ 25, അജിന്‍ക്യ രഹാനെ സി ആന്‍ഡ്‌ ബി ആന്‍ഡേഴ്‌സണ്‍ 103, മഹേന്ദ്ര സിംഗ്‌ ധോണി സി പ്രിയോര്‍ ബി ബ്രോഡ്‌ 1, രവീന്ദ്ര ജഡേജ എല്‍ബി ഡബ്ല്യു ബി അലി 3, സ്‌റ്റ്യുവര്‍ട്ട്‌ ബിന്നി എല്‍ബി ഡബ്ല്യു ബി ആന്‍ഡേഴ്‌സണ്‍ 9, ഭുവനേശ്വര്‍ കുമാര്‍ ബി ബ്രോഡ്‌ 36, മുഹമ്മദ്‌ ഷമി നോട്ടൗട്ട്‌ 14, ഇഷാന്ത്‌ ശര്‍മ നോട്ടൗട്ട്‌ 12, എക്‌സ്ട്രാസ്‌ 28.
ആകെ 90 ഓവറില്‍ ഒമ്പതിന്‌ 290.

ബൗളിംഗ്‌:- ആന്‍ഡേഴ്‌സണ്‍ 22-7-55-4, ബ്രോഡ്‌ 22-5-79-2, പ്ലങ്കറ്റ്‌ 15-5-51-1, സ്‌റ്റോക്‌സ് 17-5-40-1, അലി 14-2-38-1.