ഹഫീസ് സയ്യീദ്- പ്രതാപ് വൈദിക് കൂടിക്കാഴ്ച; കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു പുകിലെന്ന് ബി.ജെ.പിയോട് ശിവസേന

single-img
16 July 2014

veer-pratap-vedik-with-hafiz-Saeedബാബാ രാംദേവിന്റെ ശിഷ്യനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് വൈദിക്ക്, പാക് ഭീകരനായ ഹഫീസ് സയ്യീദുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ ബി.ജെ.പിക്ക് ശിവസേനയുടെ പരസ്യ വിമര്‍ശനം. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ശിവസേന. വൈദിക്കിന്റെ പാക് ഭീകരനുമായുള്ള കൂടിക്കാഴ്ചയെ രാജ്യദ്രോഹമായി കാണാനാവുമെന്നും ശിവസേന അധ്യക്ഷന്‍ ഉധവ് താക്കറെ അഭിപ്രായപ്പെട്ടു.

സര്‍ക്കാറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈകഴുകുവാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് സര്‍ക്കാറാണ് ഈയവസരത്തില്‍ ഭരിച്ചിരുന്നതെങ്കില്‍ ബിജെപി വലിയ ബഹളമുണ്ടാക്കിയേനേ എന്ന് സേനയുടെ മുഖപത്രമായ സാമ്‌ന പരാമര്‍ശിച്ചു.

ഇവിടെ ഹിന്ദു-മുസ്ലീം വിവേചനമല്ല, രാജ്യസുരക്ഷയാണ് മുന്നില്‍ കാണേണ്ടതെന്നും ശിവസേന അഭിപ്രായപ്പെട്ടു. സാധാരണക്കാരനായ ഒരു ഇന്ത്യാക്കാരന് വിസ തരാന്‍ മടിക്കുന്ന പാക്കിസ്ഥാന്‍ സര്‍ക്കാര്‍, വൈദിക്കിനോട് എന്തിനാണ് ഇങ്ങനെയൊരു മൃദുലസമീപനമെടുത്തതെന്നും ശിവസേന ചോദിച്ചു.