ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ലംഘിച്ച് ഇസ്രയേല്‍ ആക്രമണം

single-img
16 July 2014

APTOPIX Mideast Israel Palestiniansഅബുദാബി: ഈജിപ്തിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ലംഘിച്ച ഇസ്രയേല്‍ നടപടിയില്‍ അറബ് ലോകത്ത് വ്യാപക പ്രതിഷേധം. മണിക്കൂറുകള്‍ മാത്രമായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ആയുസ്സ്. കൂടുതല്‍ ശക്തമായ വ്യോമാക്രമണം ഇസ്രായേല്‍ തുടരുകയാണ്.  കഴിഞ്ഞ ദിവസം ഗാസയിലെ 30 ല്‍പരം കേന്ദ്രങ്ങളിലാണ് ഇസ്രായേലിന്റെ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഇതോടെ ഗാസയിലെ മരണം 200 നടുത്തായി.

പലസ്തീനില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്ന നടപടികളുണ്ടാവണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളടക്കം ആവശ്യപ്പെടുന്നത്. അതേ സമയം പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും ധനസഹായ വാഗ്ദാനവും ഗള്‍ഫില്‍ സജീവമായി.

ഈജിപ്തിന്റെ മധ്യസ്ഥ ചര്‍ച്ചകളെത്തുടര്‍ന്ന് വെടിനിര്‍ത്തലിന് സമ്മതിച്ച ഇസ്രായേല്‍ അത് ലംഘിച്ച സാഹചര്യത്തിലാണ് മേഖല കലുഷിതമായിരിക്കുന്നത്. ഹ്രസ്വ സമാധാനമല്ല പലസ്തീന് ആവശ്യമെന്ന് അറബ് മേഖലയില്‍ നിന്നുളള പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നു.

ഈജിപ്തിന്റെ നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നില്ല. ഗാസയ്‌ക്കെതിരെയുളള ഉപരോധങ്ങള്‍ നീക്കുന്നതടക്കമുളള കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ശാശ്വത സമാധാനം പുലരുകയുളളു എന്ന ഹമാസിന്റെ നിലപാടിന് പല അറബ് രാജ്യങ്ങളും പിന്തുണ നല്‍കുന്നുമുണ്ട്. അറബ് ലീഗ് മന്ത്രിമാരുടെ യോഗവും താല്‍ക്കാലിക അനുനയ ശ്രമങ്ങളെയും പ്രതിഷേധത്തോടെയാണ് അറബ് മേഖല നോക്കിക്കണ്ടത്. നെഞ്ചുറപ്പുളള കടുത്ത നീക്കങ്ങളും തീരുമാനങ്ങളും അറബ് രാജ്യങ്ങളില്‍ നിന്നും ഇസ്രായേലിനെതിരെ ഉണ്ടാകണമെന്ന വികാരമാണ് മേഖലയില്‍ നിന്നും ഉയരുന്നത്.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളുമായി നിരവധി കൂട്ടായ്മകളും സജീവമായിട്ടുണ്ട്. ദോഹയിലെ പലസ്തീന്‍ എംബസിക്കുമുന്നില്‍ സംഘടിപ്പിക്കപ്പെട്ട പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിരവധി പേരാണ് പങ്കെടുത്ത്.

200 ദശലക്ഷം സൗദി റിയാലാണ് പലസ്തീന്റെ വേദനയകറ്റാന്‍ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് പ്രഖ്യാപിച്ചത്. അവശ്യ മരുന്നുകളും ചികിത്സാ സഹായവുമായി സൗദിയുടെ പ്രത്യേക പ്രതിനിധി സംഘവും ഗാസയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം ഹമാസ് ആക്രണം അവസാനിപ്പിക്കാത്തിനാലാണ് വ്യോമാക്രമണം തുടരുന്നതെന്നാണ് ഇസ്രായേലിന്റെ വാദം. കരയുദ്ധത്തിന്റെ സാധ്യതകള്‍ ഇപ്പോഴും ബാക്കിവച്ചുകൊണ്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.