പീഡനത്തിനിരയായ വനിത എസ്.ഐ. നീതി തേടി ഫേസ്ബുക്കിൽ

single-img
15 July 2014

facebookമീരറ്റ്: മീരറ്റിലെ വനിത സബ് ഇൻസ്പെക്റ്റർ തന്റെ വകുപ്പ് മേധാവികൾക്കെതിരെ ഒരു ഫേസ്ബുക്ക് പേജ് നിർമ്മിച്ചിരിക്കുന്നു. തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡി.ഐ.ജി.ക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ആരംഭിച്ച പേജിൽ ഇതിനോടകം തന്നെ 5,377 പേർ ലൈക്ക് ചെയ്ത് പിന്തുണ അറിയിച്ച് കഴിഞ്ഞു.

ഇത് കാരണമായി വകുപ്പ് മേധാവികൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടി വന്നു.
തന്റെ പക്ഷം കേൾക്കാൻ സഹപ്രവർത്തകർ തയ്യാറാകാതിരുന്നപ്പോൾ, തന്റെ മുന്നിലുണ്ടായിരുന്ന ഒരേ ഒരു വഴിയായിരുന്നു സോഷ്യൽ മീഡിയകളിലൂടെ സംഭവത്തിന്റെ നിജ സ്ഥിതി അറിയിക്കുകയെന്നത്, ഈ 29 കാരി പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 23 ന് പരാതിക്കാരിയെ സ്വന്തം മുറിയിലേക്ക് വിളിച്ച് വരുത്തിയ ഡി.ഐ.ജി. അവരെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സർവ്വശക്തിയും ഉപയോഗിച്ച് മുറിയിൽ നിന്നും രക്ഷപ്പെട്ട വനിത എസ്.ഐ. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ പരാതി അറിയിച്ചെങ്കിലും കേസെടുക്കാൻ അവർ തയ്യാറായില്ല.

തുടർന്നാണ് അവർ എഫ്.ബി. പേജ് നിർമ്മിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഇത് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സ്വന്തം വകുപ്പിലെ പോലീസ് ഉദ്യോഗസ്ഥക്ക് സംരക്ഷണം നൽകാൻ കഴിയാത്ത യു.പി. പോലീസ് എങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കുമെന്ന് ജനം ചോദിച്ച് തുടങ്ങിയിരിക്കുന്നു.