ഗോള്‍ഡന്‍ ബൂട്ട് ജയിംസ് റോഡ്രിഗസിന്; ഗോള്‍ഡന്‍ ബോൾ ലയണല്‍ മെസ്സിക്ക്

single-img
14 July 2014

messi ballറിയോ ഡെ ജനീറോ: ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിന് അര്‍ജന്‍റീനയുടെ നായകന്‍ ലയണല്‍ മെസ്സി ഉടമയായി. നാലു ഗോളുകള്‍ നേടുകയും മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത് അര്‍ജന്റീനയെ ഫൈനല്‍ വരെയെത്തിച്ചത് നായകന്‍ ലയണല്‍ മെസ്സിയാണ്. മികച്ച രണ്ടാമത്തെ താരത്തിനുള്ള സില്‍വര്‍ ബോള്‍ ജര്‍മനിയുടെ തോമസ് മുള്ളറും മൂന്നാമത്തെ താരത്തിനുള്ള ബ്രോണ്‍സ് ബോള്‍ ഹോളണ്ടിന്‍റെ ആര്യന്‍ റോബനും നേടി.

ഗോള്‍ഡന്‍ ബൂട്ട് കൊളംബിയയുടെ ജയിംസ് റോഡ്രിഗസിന് (6 ഗോള്‍, 2 അസിസ്റ്റ്സ്). ജര്‍മനിയുടെ തോമസ് മുള്ളര്‍ മികച്ച രണ്ടാമത്തെ സ്കോറര്‍ക്കുള്ള (5 ഗോള്‍, 3 അസിസ്റ്റ്സ്) സില്‍വര്‍ ബൂട്ട് നേടി. ബ്രസീലിന്‍റെ നെയ്മര്‍ക്കാണ് (4 ഗോള്‍, 1 അസിസ്റ്റ്സ് ) ബ്രോണ്‍സ് ബൂട്ട്.

ജര്‍മന്‍ ഗോളി മാന്വല്‍ ന്യൂയര്‍ക്കാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ നേടി. ഏഴു മല്‍സരങ്ങളില്‍ നിന്നായി 25 സേവുകളാണ് ന്യൂയര്‍ നടത്തിയത്. യുവ കളിക്കാരനുള്ള പുരസ്കാരം ഫ്രാന്‍സിന്‍െറ പോള്‍ പോഗ്ബ നേടി.   ക്വാര്‍ട്ടര്‍ വരെയെത്തിയ കൊളംബിയയ്ക്കാണ് ഫിഫയുടെ ഫെയര്‍ പ്ലെ അവാര്‍ഡ്.

ഗോള്‍ഡന്‍ ബോള്‍ നേടുന്ന മൂന്നാമത്തെ അര്‍ജന്‍റീനന്‍ താരമാണ് മെസ്സി. 1978ല്‍ മരിയോ കെംപസും 1986ല്‍ മാറഡോണയുമാണ് മുമ്പ് പുരസ്കാരങ്ങള്‍ നേടിയിട്ടുള്ളത്.