1990ന്റെ ആവർത്തനം; 2014ലും ജര്‍മ്മനി ലോക ചാമ്പ്യന്മാർ

single-img
14 July 2014

RIO_DE_JANEIRO_BRAZIL_JUL1990 ലെ തോല്‍വിക്ക് പകരം വീട്ടാനുള്ള  അര്‍ജന്റീനയുടെ സ്വപ്നങ്ങളെ തടഞ്ഞ് ജര്‍മ്മനി ലോക ചാമ്പ്യന്മാരായി. അമേരിക്കന്‍ ഭൂഖണ്ടത്തില്‍ ലോകകപ്പ് ജയിക്കുന്ന ആദ്യ യൂറോപ്യന്‍ ടീമായി മാറിയിരിക്കുകയാണ്  ഇതോടെ ജര്‍മ്മനി. ഇത് ജര്‍മ്മനിയുടെ നാലാമത്തെ ലോകകപ്പ് വിജയമാണ്. കൂടാതെ ഐക്യജര്‍മനി നേടുന്ന ആദ്യ ലോകകപ്പാണിത്.

മത്സരത്തിന്റെ മാറ്റൊരു സവിശേഷത 1990ല്‍ മാറഡോണയുടെ അര്‍ജന്റീനയെ തോല്പിച്ച് ജർമനി, ഇരുപത്തിനാലു വര്‍ഷത്തിനുശേഷം  മെസ്സിയുടെ അര്‍ജന്റീനയെ അവർ തറപറ്റിച്ചു. രണ്ട് സൂപ്പർ താരങ്ങളുടെ ടീമിനെ അവർക്ക് പിടിച്ച് കെട്ടാൻ കഴിഞ്ഞു.
ഫൈനലില്‍ മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. അവസരങ്ങള്‍ കളഞ്ഞുകുളിച്ച  മെസിയുടെ അര്‍ജന്റീനയെ എക്‌സട്രാ ടൈമില്‍ നേടിയ ഒരു ഗോളിന് കീഴ്‌പ്പെടുത്തിയാണ് ജര്‍മനി കപ്പില്‍ മുത്തമിട്ടത്. 113-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വല ചലിപ്പിച്ച പകരക്കാരന്‍ മരിയോ ഗോട്‌സെയാണ് ജര്‍മനിയുടെ പുതിയ വീരനായകന്‍.  ഇടതു പാര്‍ശ്വത്തിലൂടെ മുന്നേറി  ഷുര്‍ളെ നല്‍കിയ പന്ത് ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോട്‌സെ നെഞ്ചു കൊണ്ട് താങ്ങിയെടുത്ത് ഗോളിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു.

35ആം മിനിറ്റിലും 46ആം മിനിറ്റിലും 74ആം മിനിറ്റിലും മെസ്സി അവസരങ്ങള്‍ പാഴാക്കിയെങ്കിലും. അര്‍ജെന്റീനയുടെ ആരാധകര്‍ക്ക് ഏറ്റവും നിരാശ നല്‍കിത് തൊണ്ണൂറ്റിയാറാം മിനിറ്റില്‍ പകരക്കാരന്‍ പലാസ്യോ വരുത്തിയ വീഴ്ചയാണ്. തൊണ്ണൂറ്റിയാറാം മിനിറ്റില്‍ പലാസ്യോ  മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയെങ്കിലും ജര്‍മ്മന്‍ ഗോളിയുടെ തലയുടെ മുകളിലൂടെ ഗോള്‍മുഖത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

ഹോളണ്ടിനെതിരെ കണ്ടതുപോലെ ഓട്ടയടച്ച പ്രതിരോധത്തെതന്നെയാണ് അവര്‍ വിന്യസിച്ചത്. ഒരിക്കല്‍ മാത്രമാണ് അവര്‍ ജര്‍മന്‍ ആക്രമണത്തില്‍ പിളര്‍ന്നത്. അത് ഉപയോഗിച്ചാണ് ഗോട്‌സെ വിജയഗോള്‍ നേടിയതും.

91-ാം മിനിറ്റിലും ജര്‍മനി ഗോളിനടുത്തെത്തിയിരുന്നു. ക്രൂസിന്റെ കോര്‍ണര്‍ ഹൊവീഡ്‌സ് കുത്തിയിട്ടെങ്കിലും പന്ത് പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു. ജര്‍മനി ഇതിന് മുന്‍പ് നടത്തിയ നീക്കങ്ങള്‍ക്കെല്ലാം അര്‍ജന്റൈന്‍ ഡിഫന്‍സും ഗോളി റൊമേരോയും വിലങ്ങുതടിയാവുകയായിരുന്നു.