പിതാവിനെ ഇടിച്ചിട്ടശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബസിന്റെ ചില്ല് യുവതി എറിഞ്ഞുടച്ചു

single-img
14 July 2014

penപിതാവിനെ കണ്‍മുമ്പില്‍ വെച്ച് തട്ടിയിട്ട ശേഷം ഓടിച്ചുപോകാന്‍ ശ്രമിച്ച പ്രൈവറ്റ് ബസിന്റെ ചില്ല് മകള്‍ എറിഞ്ഞു തകര്‍ത്തു. പത്തനംതിട്ട കടമ്മനിട്ട റോഡില്‍ മസ്ജിദ് ജംഗ്ഷനിലാണ് സംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതാവിനെ തട്ടിയിട്ട ശേഷം ഓടിച്ചുപോകാന്‍ ശ്രമിച്ച ബസിന്റെ ചില്ലുകളാണ് സീതത്തോട് കോട്ടമണ്‍പാറ വിധുഭവനില്‍ 30 വയസ്സുകാരി സ്മിത എറിഞ്ഞുടച്ചത്.

പനിമൂലം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ബാലനൊപ്പം വന്നതായിരുന്നു ഭാര്യ മണിയമ്മയും മകള്‍ സ്മിതയും. കോഴഞ്ചേരി- പത്തനംതിട്ട- റാന്നി റൂട്ടിലോടുന്ന താര എന്ന ബസ് റോഡിന്റെ ഓരം ചേര്‍ന്ന് നടക്കുകയായിരുന്ന ബാലനെ മുട്ടുകയായിരുന്നു. റോഡില്‍ വീണ ബാലനെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ മുന്നോട്ടു പോകാന്‍ ശ്രമിച്ച ബസിനെ സ്മിത തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഈ സമയം അപകടം കണ്ട നാട്ടുകാരും ഓടിയെത്തി. ബസ് നിര്‍ത്തിയതും ക്ഷുഭിതയായ സ്മിത റോഡരുകില്‍ കിടന്ന മെറ്റല്‍ കഷ്ണമെടുത്ത് ബസിന്റെ മുന്‍വശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് എത്തുകയും ബസിന്റെ ചില്ലെറിഞ്ഞ് ഉടച്ച കുറ്റത്തിന് യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പരിക്കേറ്റ ബാലനേയും മണിയമ്മയേയും ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടശേഷമാണ് സ്മിത പോലീസുകാര്‍ക്കൊപ്പം പോയത്. സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്മിതയെ ജാമ്യത്തില്‍ വിട്ടയച്ചു.

അലക്ഷ്യമായി വാഹനം ഓടിച്ചതിന് ബസിന്റെ ഡ്രൈവര്‍ അനൂപിനെതിരെ പോലീസ് കേസെടുത്തു.