ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു മേല്‍ക്കൈ

single-img
12 July 2014

ishiനോട്ടിംഹാം: പേസര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ.  മൂന്നാം ദിവസം കളി അവസാനിച്ചപ്പോൾ 9 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 352 റണ്‍സെടുത്തിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്ത് 457 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഒരു ഘട്ടത്തില്‍ ഏഴിന് 202 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായിരുന്നു.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോറൂട്ടും സ്റ്റുവര്‍ട്ട് ബ്രോഡും (47) ചേര്‍ന്നെടുത്ത 78 റണ്‍സാണ് ടീമിനെ ഫോളോ ഓണ്‍ കടമ്പ കടത്തിവിട്ടത്. മത്സരം അവസാനിക്കുമ്പോൾ 78 റണ്ണുമായി ജോറൂട്ടും 23 റണ്ണുമായി അന്റേഴ്സണുമാണ് ക്രീസിൽ. നേരത്തെ ഓപ്പണര്‍ സാം റോബ്‌സണ്‍ (59), ഗാരി ബാലന്‍സ്(71) എന്നിവരുടെ അര്‍ധശതകങ്ങളുടെ കരുത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ രണ്ടിന് 154 എന്ന ശക്തമായ നിലയിലായിരുന്നു.

പേസ് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ (109ന് 3), ഭുവനേശ്വര്‍ കുമാര്‍ (61ന് 4) മുഹമ്മദ് ഷാമി(98ന് 2) എന്നിവരുടെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഉലച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ഇയാന്‍ ബെല്‍ 25-ഉം മോയിന്‍ അലി 14-ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക്(5), മാറ്റ് പ്രയര്‍(5), ബെന്‍ സ്റ്റോക്‌സ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഓപ്പണര്‍ മുരളി വിജയ് (146) നേടിയ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(81), ഭുവനേശ്വര്‍ കുമാര്‍(58), മുഹമ്മദ് ഷാമി (51 നോട്ടൗട്ട്) എന്നിവരുടെ അര്‍ധശതകങ്ങളുടെയും ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു.