ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞവാക്ക് പാലിച്ചു; ഇറാക്കില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ജോലിയും 25000 രൂപ ധനസഹായവും നല്‍കി

single-img
11 July 2014

Dr._Azad_Moopenഇറാക്കി സൈന്യവും വിമതരും തമ്മിലുള്ള യുദ്ധാനന്തരം ഇറാക്കില്‍നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയും 25000 രൂപ ധനസഹായവും നല്‍കുമെന്നുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും നോര്‍ക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. ഇതനുസരിച്ച് 30 നഴ്‌സുമാര്‍ ധനസഹായം കൈപ്പറ്റി. തിരുവനന്തപുരത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധനസഹായം ഇതുവരെയും വാങ്ങാത്ത നഴ്‌സുമാര്‍ക്കു കൈപ്പറ്റാമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട്ടും കോട്ടയ്ക്കലിലും പ്രവര്‍ത്തിക്കുന്ന മിംസ്, വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണു നഴ്‌സുമാര്‍ക്കു ജോലി നല്‍കിയത്. കഴിവും മികച്ച സേവന പാരമ്പര്യവുമുള്ള നഴ്‌സുമാര്‍ക്കു ജോലി നല്‍കാന്‍ ഏറെ സന്തോഷമുണെ്ടന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ഹരീഷ് പിള്ള പറഞ്ഞു. ഇനിയും ജോലി ആവശ്യമുള്ളവര്‍ക്ക് ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യാമെന്നും ഡോ. ഹരീഷ് പിള്ള അറിയിച്ചു.

ഇതുകൂടാതെ മതിയായ യോഗ്യതയുള്ള നഴ്‌സുമാര്‍ക്കു യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രികളില്‍ ജോലിക്കു ചേരാമെന്നും ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. നഴ്‌സുമാരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ പ്രയത്‌നിച്ച കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണനേതൃത്വത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.