ഇനി ആരൊക്കെ മറന്നാലും ഇദ്ദേഹത്ത അവര്‍ക്ക് മറക്കാന്‍ കഴിയോ?; മിമിക്രി കലാകാരന്‍മാരുടെ സംഘടനയായ ‘മാ’യുടെ ആദ്യ കൈനീട്ടം വി.ഡി. രാജപ്പന്

single-img
11 July 2014

Rajappanസിനിമാ രംഗത്തെ പല സംഘടനകളും മറന്നെങ്കിലും വി.ഡി രാജപ്പനെ ഇവര്‍ മറക്കില്ല. കാരണം പാരഡിയെന്ന കലയെ മിമിക്രിയിലൂടെ സംയോജിപ്പിച്ച് ഇന്നത്തെ അനുകരണ കലാകാരന്‍മാര്‍ക്ക് വഴികാണിച്ചുകൊടുത്ത വ്യക്തിയാണദ്ദേഹം. അദ്ദേഹം രൂപം കൊടുത്ത ആ കലയിലൂടെയാണ് ഇന്ന് ഈ രംഗത്തെ പലരും പച്ചരി വാങ്ങുന്നതെന്ന യാഥാര്‍ത്ഥ്യബോധമുണ്ടവര്‍ക്ക്. ആ ഒരു നന്ദി അവര്‍ക്ക് കാണിച്ചേ മതിയാകൂ.

മിമിക്രി- പാരഡി കലാകാരന്‍മാരുടെ സംഘടനയായ ‘മാ’യുടെ ആദ്യ കൈനീട്ടം പാരഡി ആലാപനത്തിലൂടെ തമാശയുടെ പുതിയ തലങ്ങള്‍ കാണിച്ചു തന്ന വി.ഡി രാജപ്പന് കൈമാറി. മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സാജന്‍ പള്ളുരുത്തി രാജപ്പന്റെ ഏറ്റുമാനൂരിലെ വസതിയിലെത്തിയാണ് പെന്‍ഷന്‍ തുകയുടെ ആദ്യ ഗഡു കൈമാറിയത്. സംഘടന നല്‍കുന്ന പെന്‍ഷന്‍ വാര്‍ധക്യവും നിരവധി രോഗങ്ങളും അലട്ടുന്ന രാജപ്പന് ഏറെ അനുഗ്രഹമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അവശതയനുഭവിക്കുന്നവര്‍ക്കായി മാ ഏര്‍പ്പെടുത്തുന്ന പെന്‍ഷന്‍ പദ്ധതിയുടെ ആദ്യ കൈനീട്ടമാണ് വി.ഡി. രാജപ്പന് കൈമാറിയത്. അവശകലാകാരന്മാര്‍ക്ക് മാ നല്‍കാനുദ്ദേശിക്കുന്ന സഹായപദ്ധതിയുടെ തുടക്കമാണിതെന്നും സാജന്‍ പള്ളുരുത്തി വ്യക്തമാക്കി. പ്രശസ്ത സിനിമാ താരം കലാഭവന്‍ മണിയാണ് സംഘടനയുടെ പ്രസിഡന്റ്.

ഫണ്ട് കണ്ടെത്താന്‍ സ്‌റ്റേജ് ഷോകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും രൂപംനല്‍കിയതായി സാജന്‍ അറിയിച്ചു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ മാതൃകയിലായിരിക്കും മെഗാ സ്‌റ്റേജ് ഷോ സംഘടപ്പിക്കുക. ഇതിനായി പ്രശസ്തരായ മിമിക്രി കലാകാരന്‍മാര്‍ ഒരു വേദിയില്‍ അണിനിരക്കുമെന്നും അദ്ദേഹം അറിയിച്ചു.