ബസില്‍ യാത്രചെയ്യാന്‍ കൈയില്‍ പണം വേണ്ട വീല്‍സ് കാര്‍ഡ് മതി; അതും കേരളത്തില്‍: കെ.എസ്.ആര്‍.ടി.സിയെ അമ്പരപ്പിച്ചുകൊണ്ട് പ്രീപെയ്ഡ് യാത്രാ കാര്‍ഡുമായി ഹൈറേഞ്ചിലെ ബസ് കൂട്ടായ്മ

single-img
10 July 2014

Wheelsഹൈറേഞ്ച് മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ കൂട്ടായ്മയായ ഹൈറേഞ്ച് അസോസിയേറ്റ്‌സിന്റെ വീല്‍സ് കാര്‍ഡിന് വന്‍ സ്വീകാര്യത. ജനുവരിയില്‍ തുടങ്ങിയ പദ്ധതിയില്‍ ഇതിനകം മൂവായിരം സ്ഥിരം യാത്രക്കാര്‍ അംഗത്വമെടുത്തിട്ടുണ്ട്.

പണം കൈയില്‍ കരുതാതെ യാത്ര ചെയ്യാമെന്നതാണ് എടിഎം കാര്‍ഡ് രൂപത്തിലുള്ള വീല്‍സ് കാര്‍ഡിന്റെ പ്രത്യേകത. അതോടൊപ്പം ചില്ലറയെച്ചൊല്ലിയുള്ള കലഹങ്ങളും ഒഴിവാക്കാം. ഇപ്പോഴും പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞു നിരവധി പേരാണു വീല്‍സ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ കൂട്ടായ്മയായ ഹൈറേഞ്ച് അസോസിയേറ്റ്‌സ് ആണ് മൈ ബസിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൈയില്‍ പണമില്ലെങ്കിലും കാര്‍ഡില്‍ പണമുണെ്ടങ്കില്‍ യാത്ര ചെയ്യാം. ബസിലെ സ്ഥിരം യാത്രക്കാര്‍ക്കായിട്ടാണു വീല്‍സ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പത്തു ശതമാനം വരെ സാധാരണ നിരക്കിനേക്കാള്‍ ഇളവ് സ്മാര്‍ട്ട് കാര്‍ഡിലൂടെ ലഭിക്കും. ഈ കാര്‍ഡ് എടുക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. കണ്ടക്ടറുടെ കൈവശമുള്ള മെഷീനില്‍ സൈ്വപ് ചെയ്തു ഓരോ പ്രാവശ്യം യാത്ര ചെയ്യുമ്പോഴും യാത്രക്കൂലി അടയ്ക്കാം. യാത്രക്കാരനു ലഭ്യമാകുന്ന ടിക്കറ്റില്‍ കാര്‍ഡിലെ ബാലന്‍സ് തുകയും രേഖപ്പെടുത്തിയിരിക്കും. തുക തീരുമ്പോള്‍ കണ്ടക്ടറുടെ കൈയില്‍ പണം കൊടുത്തു വീണ്ടും ചാര്‍ജ് ചെയ്യാം.

മൊബൈല്‍ ഫോണില്‍ ചാര്‍ജ്ജ് ചെയ്യുന്നതു പോലെയാണ് ഈ കാര്‍ഡിലും ചാര്‍ജ്ജ് ചെയ്യുന്നത്. പദ്ധതിയില്‍ ചേരാന്‍ മൈ ബസ് കൂട്ടായ്മയില്‍ അംഗമായ ബസ്‌കണ്ടക്ടറുടെ പക്കല്‍നിന്നു ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കി 40 രൂപ അടച്ചാല്‍ മതി. ചാര്‍ജ് തീരുന്നതനുസരിച്ചു നൂറിന്റെ ഗുണിതങ്ങളായി ടിക്കറ്റ് ചാര്‍ജു ചെയ്യാനുള്ള സൗകര്യമാണ് ഈ കാര്‍ഡുടമകള്‍ക്ക് ഒരുക്കിയിരിക്കുന്നത്. മൈബസില്‍പ്പെട്ട നൂറോളം ബസുകളില്‍ ഈ സേവനം ലഭ്യമാണ്.

സാധാരണ ടിക്കറ്റ് മെഷീനുകള്‍ക്കു പകരം ജിപിആര്‍എസ്, കാര്‍ഡ് സൈ്വപ്പിംഗ് സംവിധാനങ്ങളോടുകൂടിയ മെഷീനുകളാണ് മൈ ബസിലെ കണ്ടക്ടര്‍മാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ലഭിക്കുന്ന പണം, യാത്രക്കാരുടെ എണ്ണം, ബസ് എവിടെയെത്തി തുടങ്ങിയവ കോട്ടയത്തു മൈ ബസിന്റെ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്ന സെര്‍വറില്‍ ലഭ്യമാകും.

കെ.എസ്.ആര്‍.ടി.സിയെ നാണിപ്പിച്ചുകൊണ്ടാണ് സ്വകാര്യ ബസ് കൂട്ടായ്മ ഈ സംവിധാനവുമായി വന്നിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് മനസ്സു വെച്ചിരുന്നെങ്കില്‍ നടപ്പാക്കിയെടുക്കാമായിരുന്ന പദ്ധതി ഇപ്പോള്‍ സ്വകാര്യ ബസുകാര്‍ വിജയകരമായി നടപ്പാക്കുന്നതു കാണുമ്പോള്‍ നോക്കി നില്‍ക്കാനാണ് വിധി.