കാശുള്ളവന്റെ പരാതി മാത്രം കേട്ടാല്‍ മതി; പാവപ്പെട്ടവന്‍ പരാതി നല്‍കിയാല്‍ ചെവിക്കൊള്ളേണ്ടെന്ന് ബി.എസ്.എന്‍.എല്‍ ഉത്തരവ്

single-img
10 July 2014

bsnl-logoസമ്പന്ന ഉപഭോക്താക്കളുടെ പരാതികള്‍ വേഗം പരിഗണിക്കണമെന്നും കുറഞ്ഞ ബില്ലുകാരുടെ പരാതികള്‍ക്ക് ചെവിനല്‍കേണ്ടെന്നുമുള്ള ഉത്തരവുമായി ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജരുടെ ഓഫീസില്‍ നിന്നുമാണ് പത്ത് എസ്.എസ്.എ മേധാവികള്‍ക്കും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തയച്ചിരിക്കുന്നത്.

ഉപഭോക്താക്കളെ എ മുതല്‍ എഫ് വരെ ക്ലാസുകളാക്കി വേര്‍തിരിച്ച് കാണാനാണ് ചീഫ് ജനറല്‍ മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 5000 രൂപയും അതിനു മുകളിലും ബില്ല്‌വരുന്ന ഉപഭോക്താക്കളെ എ ക്ലാസിലും രണ്ടായിരത്തിനും അയ്യായിരത്തിനുമിടയില്‍ ബില്ലടയ്ക്കുന്നവരെ ബി ക്ലാസിലും ആയിരത്തിനും രണ്ടായിരത്തിനുമിടയിലുള്ളവരെ സി ക്ലാസിലും അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ഡി ക്ലാസിലും 250നും അഞ്ഞൂറിനുമിടയിലുള്ളവരെ ഇ ക്ലാസിലും 250 ല്‍ താഴെയുള്ളവരെ എഫ് ക്‌ലാസിലും പെടുത്തണമെന്നാണ് നിര്‍ീദ്ദേശം. ഇതില്‍ അവസവനത്തെ രണ്ടു ക്ലാസുകാരുടെ പരാതികള്‍ ഗൗനിക്കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

മാത്രമല്ല, ഇവര്‍ക്ക്‌വയര്‍ലസ് കണക്ഷന്‍ കൊടുത്താല്‍ മതിയെന്നും അല്ലാത്തപക്ഷം നിലവിലെ കണക്ഷന്‍ റദ്ദാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പറഞ്ഞ അവസാനത്തെ ക്ലാസുകളില്‍ പെട്ടവരാണ് കേരളത്തിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളില്‍ 76 ശതമാനവും അങ്ങനെ വരുമ്പോള്‍ കാല്‍ഭാഗം വരുന്ന സമ്പന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടി മുക്കാല്‍ഭാഗത്തോളം സാധാരണ ഉപഭോക്താക്കളെ തള്ളിക്കളയുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നമ്പര്‍ പോര്‍ട്ടബിലിറ്റി പ്രകാരം അഞ്ചുലക്ഷത്തിലധികം ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് വന്നെങ്കിലും ഇവരുടെ വികലമായ നയങ്ങള്‍ കാരണം ഒരുലക്ഷത്തിലധികം പേര്‍ പിന്‍ മാറിയിട്ടുണ്ട്. ഇപ്പോഴും കൊഴിഞ്ഞുപോക്ക് തുടരുകയാണ്.