മെസ്സിയും സംഘവും ഫൈനലിലേക്ക്

single-img
10 July 2014

messiബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ലാറ്റിനമേരിക്കന്‍- യൂറോപ്പ്യന്‍ പോരാട്ടം. പെനാല്‍ട്ടി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ 4-2ന് തോല്‍പിച്ചാണ് അര്‍ജന്റീന കലാശപ്പോരാട്ടത്തില്‍ ജര്‍മ്മനിയെ നേരിടാന്‍ പാസ് വാങ്ങിയത്. ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയുടെ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോയുടെ തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ഫൈനലിലേക്ക് വഴിതുറന്നത്.

എക്‌സ്ട്രാ ടൈമിൽ  രണ്ട് ഉറച്ച അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞു ഒടുവിൽ അര്‍ജന്റീന ഷൂട്ടൗട്ടില്‍ ഗോളിയുടെ കാരുണ്യത്തിലൂടെയാണ് കരകയറിയത്. കോസ്റ്ററിക്കയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍  സബ്ബായി ഗോളി ടിം ക്രൂളിനെ ഇറക്കി  ചൂതാട്ടം നടത്തിയ ഡച്ച് കോച്ച് ലൂയി വാന്‍ഗാലിന്റെ തന്ത്രം ഇത്തവണ ഏശിയില്ല. കാരണം എക്‌സ്ട്രാ ടൈമില്‍ തന്നെ മൂന്നുപേരെ മാറ്റി സബ്‌സ്റ്റിറ്റിയൂഷന്‍ ക്വാട്ട ഷൂട്ടൗട്ടിന് മുന്‍പേ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു വാന്‍ഗാല്‍.

കളിയുടെ തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഗോളെന്ന് ഉറപ്പിച്ച പല മുന്നേറ്റങ്ങളും നീക്കങ്ങളും നടത്തുന്നതില്‍ മുന്നില്‍ നിന്നത് അര്‍ജന്‍റീനയായിരുന്നു.

മൂന്ന് ഓഫ്‌സൈഡ് പ്രകടനങ്ങള്‍ ഒഴിച്ചാല്‍ ഡച്ച് നായകന്‍ വാന്‍പേഴ്‌സിയുടെ സാന്നിധ്യം പോലും മത്സരത്തില്‍ അറിയുന്നുണ്ടായിരുന്നില്ല. മെസ്സിക്ക് ഡച്ച് കെണിയില്‍ നിന്ന് മോചിതനാകാന്‍ കഴിയാതിരുന്നതും അപ്പുറത്ത് റോബന് താളവും മൂര്‍ച്ചയും കണ്ടെത്താന്‍ കഴിയാതിരുന്നതുമാണ് കളിയെ പലപ്പോഴും വിരസമാക്കിയത്.

120 മിനിറ്റ് നേരം ഗോള്‍ ഒഴിഞ്ഞുനിന്നതു മാത്രമല്ല, കൈമെയ് മറന്ന് ആക്രമിക്കുന്നതിലെ ഇരുവരും മടി കണിച്ചത് മത്സരം ഷൂട്ടൗട്ടിലേക്ക് കൊണ്ടെത്തിച്ചു.

ഷൂട്ടൗട്ടിന്റെ തുടക്കം മുതല്‍ തന്നെ ഹോളണ്ടിന് പിഴച്ചു. കളിയിലുടനീളം ഹോളണ്ടിന്റെ രക്ഷകനായി നിലകൊണ്ട ഡിഫന്‍ഡര്‍ റോണ്‍ വ്ലൂറിന്റെ കിക്ക് വലത്തോട്ട് പറന്ന് റൊമേരൊ കുത്തികയറ്റി. അര്‍ജന്റീനയ്ക്കു വേണ്ടി ആദ്യ കിക്കെടുത്ത ലയണല്‍ മെസ്സിക്ക് പിഴച്ചില്ല. അര്‍ജന്റീന മുന്നില്‍. രണ്ടാം കിക്കെടുത്ത ആര്യന്‍ റോബന്‍ ഹോളണ്ടിനെ ഒപ്പമെത്തിച്ചു. ഇതിന് അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍ എസ്‌ക്വെല്‍ ഗരായുടെ ഗോളായിരുന്നു മറുപടി. അര്‍ജന്റീന വീണ്ടും മുന്നില്‍. വിശ്വസ്തനായ മധ്യനിരക്കാരന്‍ വെസ്ലി സ്‌നൈഡറുടേതായിരുന്നു ഡച്ച് നിരയില്‍ അടുത്ത ഊഴം.

ഞെട്ടിച്ചുകൊണ്ട് സ്‌നൈഡറുടെ കിക്കും റൊമേരൊ പറന്നുവീണ് തടഞ്ഞു.  മൂന്നാം കിക്കെടുത്ത സെര്‍ജിയോ അഗ്യൂറോയ്ക്കും പിഴച്ചില്ല. ഗോളിയുടെ ഗ്ലൗസില്‍ ഉരസി പന്ത് വലയില്‍. അര്‍ജന്റീനയുടെ ലീഡ് 3-1 ആയി. ഹോളണ്ടിനുവേണ്ടി നാലാം കിക്കെടുത്ത ക്യൂറ്റിന് പിഴച്ചില്ലെങ്കിലും ഫലമുണ്ടായില്ല. അവര്‍ജന്റീനയുടെ നാലാം കിക്കുകാരന്‍ മാക്‌സി റോഡ്രിഗസ് പ്രതീക്ഷ തെറ്റിച്ചില്ല. അര്‍ജന്റീന ഒരിക്കല്‍ക്കൂടി ലോകകപ്പിന്റെ ഫൈനലില്‍. 1978ല്‍ ഹോളണ്ടിനെ മറികടന്നാണ് അര്‍ജന്റീന ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്.
ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെയാണ് ഡച്ച് ടീം നേരിടാനൊരുങ്ങുന്നത്.