ദുരന്തം:സെമിയിൽ ബ്രസീലിന്റെ നടുവൊടിച്ച് ജർമനി(7-1)ഫൈനലിൽ

single-img
9 July 2014

Germany2_2968672bബെലെഹൊറിസോണ്ടോ: കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ബ്രസീലിയന്‍ ദുരന്തം. 98 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രസീലിന്‍െറ ഏറ്റവും വലിയ തോല്‍വി.   ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയവുമായി ജര്‍മ്മനി നാലാം ലോകകപ്പ് തേടി ഫൈനലിലേക്ക് നടന്നുകയറി. 1920ല്‍ ഉറുഗ്വായോട് 6-0ന് തോറ്റ റെക്കോഡാണ് ജര്‍മനി  തിരുത്തിയെഴുതിയത്.

ടോണി ക്രൂസും ആന്ദ്രെ ഷ്രൂളും ഇരട്ട ഗോള്‍ നേടിയപ്പോള്‍ മുള്ളര്‍, ഖദീര, ക്ലോസെ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി ചരിത്ര ജയത്തില്‍ പങ്കാളികളായി. കളിയുടെ 11ാം മിനിറ്റില്‍ തോമസ് മ്യൂളറുടെ ഗോളിലൂടെ തുടങ്ങിയ ഗോള്‍മഴ ആദ്യ പകുതി പിരിയും മുമ്പേ അഞ്ചിലത്തെി. ടോണി ക്രൂസിന്‍െറ കോര്‍ണര്‍ കിക്ക് ഗോള്‍പോസ്റ്റിനു മുന്നില്‍ നിന്ന് അനയാസം വലയിലേക്ക് അടിച്ചുകയറ്റി മ്യൂളര്‍. രണ്ടാം ഗോള്‍ പിറക്കുന്നത് 23ാം മിനിറ്റില്‍ മിറോസ്ളാവ് ക്ളോസെയുടെ ബൂട്ടില്‍ നിന്ന്. ലോകകപ്പിലെ 16ാം ഗോളോടെ ചരിത്രത്തിലേക്ക് കയറിയ ക്ളോസെ റൊണാള്‍ഡോയുടെ 15 ഗോളെന്ന റെക്കോഡ് തിരുത്തിയെഴുതി.

RSI BRAZIL-WCUP/ S BR DE SOC SPO WCUP TPX BRAഅടുത്ത രണ്ടു മിനിറ്റിനകം ടോണി ക്രൂസ് രണ്ട് ഗോളുകള്‍ കൂടി നേടിയതോടെ ബ്രസീല്‍ ശവപ്പറമ്പായി. 24, 26 മിനിറ്റുകളിലായിരുന്നു ക്രൂസിന്‍െറ വക ഗോളുകള്‍. നാല് ഗോളിന് മുന്നില്‍ നിന്ന ജര്‍മനി ഗോള്‍ വേട്ട അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. ആഘോഷമടങ്ങും മുമ്പ് വീണ്ടും വലകുലുങ്ങി. 29ാം മിനിറ്റില്‍ സമി ഖെദീരയായിരുന്നു ജര്‍മന്‍ പടയുടെ അഞ്ചാം ഗോള്‍ നേടിയത്. ആറ് മിനിറ്റിനുള്ളില്‍ നാല് ഗോളുകള്‍. ഇതും ലോകകപ്പില്‍ പുതിയ റെക്കോര്‍ഡായി.

ആശ്വാസ ഗോള്‍ തേടി കളിച്ച ബ്രസീല്‍ രണ്ടാം പകുതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും എതിരാളിയുടെ പെനാല്‍റ്റി ബോക്സിനകത്തത്തെിക്കാനല്ലാതെ, പ്രതിരോധ മതില്‍ ഭേദിക്കാനോ ഗോള്‍കീപ്പര്‍ മാനുവല്‍ നോയറെ കീഴടക്കാനോ കഴിഞ്ഞില്ല. ഇതിനിടെ ജര്‍മനി ആറാം ഗോളും നേടി. 72ാം മിനിറ്റില്‍ ആന്ദ്രെ ഷ്രൂളിന്‍െറ വകയായിരുന്നു അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഉറപ്പിച്ച ഗോളിന്‍െറ വരവ്.

90 മിനിറ്റ് നേരം എങ്ങനെയും കഴിച്ചു കൂട്ടാന്‍ ആഗ്രഹിച്ച ബ്രസീലുകാരുടെ നെഞ്ചേത്തേക്കായിരുന്നു 79ാം മിനിറ്റില്‍ ആന്ദ്രെ ഷ്രൂളിന്‍െറ രണ്ടാം ഗോള്‍ പിറന്നത്. അവസാന മിനിറ്റില്‍ ബ്രസീല്‍ ഓസ്കാറിലൂടെ ആശ്വാസ ഗോള്‍ നേടുകയായിരുന്നു.

യൂറോപ്യന്‍ ശക്തികളുടെ പോരാട്ടത്തിനാണോ ലാറ്റിനമേരിക്കന്‍- യൂറോപ്പ് ഏറ്റുമുട്ടലിനാണോ കലാശപ്പോരാട്ടം സാക്ഷിയാകുന്നതെന്നറിയാം ഇനിയും മണിക്കൂറുകളുടെ കാത്തിരിപ്പ്. ഹോളണ്ട്- അര്‍ജന്റീന സെമി വിജയിയായിരിക്കും ഫൈനലില്‍ ജര്‍മ്മനിയുടെ എതിരാളികള്‍.