പണം നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ യുവാവ് എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായി

single-img
9 July 2014

3582298905_mithunകിഴക്കമ്പലം: ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ 10 ലക്ഷത്തോളം രൂപ പട്ടാപകൽ ഗുണ്ടാസംഘം ആക്രമിച്ച് തട്ടിയെടുത്തെന്ന് പരാതിപ്പെട്ടയാള്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായി. കിഴക്കമ്പലം ഞാറള്ളൂര്‍ തുരുത്തിപ്പറമ്പില്‍ മിഥുന്‍ വര്‍ഗീസ് (24) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലിചെയ്യുന്ന ഏജന്‍സി, ഫെഡറല്‍ ബാങ്കിനായി എ.ടി.എമ്മില്‍ അടയ്ക്കാന്‍ നല്‍കിയ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഫെഡറല്‍ ബാങ്കിന്റെ 20 എ.ടി.എമ്മുകളില്‍ പണമടയ്ക്കാനുള്ള കരാര്‍ ഈ കമ്പനിക്കാണ്. മിഥുനാണ് പലപ്പോഴും പണമടച്ചിരുന്നത്. എ.ടി.എമ്മില്‍ പണമിടാനും എടുക്കാനുമുള്ള കോഡ് മിഥുന് അറിയാമായിരുന്നു. ഇത് ദുരുപയോഗം ചെയ്ത് ചില കൗണ്ടറുകളില്‍ നിക്ഷേപിച്ച പണം ഇയാള്‍ തന്നെ പിന്‍വലിച്ചതായി പോലീസ് പറയുന്നു.

കിഴക്കമ്പലം, കടയിരുപ്പ്, വാളകം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് തിരിമറി കണ്ടെത്തിയത്. ഏപ്രില്‍ മുതലുള്ള കണക്കുകളിലാണ് അപാകം. കിഴക്കമ്പലത്തെ കൗണ്ടറില്‍ നിന്നു മാത്രം 7,20,500 രൂപ ഇയാള്‍ പിന്‍വലിച്ചിട്ടുണ്ട്. മറ്റ് കൗണ്ടറുകളിലെ കണക്കുകള്‍ പരിശോധിച്ചു വരികയാണ്.

തട്ടിച്ച പണത്തില്‍ 3.5 ലക്ഷം പലിശയ്ക്ക് നല്‍കിയതായി ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് പറയുന്നു. ബാക്കി തുക ആഡംബര ജീവിതത്തിനും വീട് മോടിയാക്കാനും വിവാഹത്തിന്റെ കടം വീട്ടാനും ചെലവഴിച്ചെന്നാണത്രെ ഇയാള്‍ പറയുന്നത്.

ഇതേ ഏജന്‍സി വഴി ബാങ്കിലടയ്ക്കാന്‍ ബൈക്കില്‍ കൊണ്ടുപോയ പട്ടിമറ്റത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ 9,70,500 രൂപ അക്രമികള്‍ തട്ടിയെടുത്തതായി കുന്നത്തുനാട് പോലീസില്‍ മിഥുന്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വിജനമായ വഴിയില്‍ വെച്ച് വടിവാളുകൊണ്ട് തന്നെ ആക്രമിച്ച് പണം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഈ പണവും ഇയാള്‍ തന്നെ തട്ടിയെടുത്തതായാണ് പോലീസ് സംശയിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്റെ പണം നഷ്ടപ്പെട്ട സംഭവത്തില്‍ മിഥുനെ വിശദമായി ചോദ്യം ചെയ്യും. വടിവാളുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നെന്ന പരാതിയില്‍ നേരത്തേതന്നെ പോലീസിന് സംശയമുണ്ടായിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ആര്‍. ഹരികൃഷ്ണന്‍, കുന്നത്തുനാട് സി.ഐ. ജി. മനോജ്, എസ്.ഐ. പി.കെ. ശശീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി, മോഹനന്‍, ഇക്ബാല്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.