എന്റെ പിഴ ഞങ്ങളോട് പൊറുക്കണം: സ്‌കോളാരി

single-img
9 July 2014

scolariബെലൊ ഹോറിസോണ്ടെ: ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ബ്രസീലിയന്‍ കോച്ച് ലൂയി സ്‌കോളാരി ഏറ്റെടുത്തു. സൂപ്പര്‍താരം നെയ്മറുടെ അഭാവമല്ല തോല്‍വിക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.  ‘ഞങ്ങളോട് പൊറുക്കു, പ്രിയ നാട്ടുകാരെ ഈ വലിയ തെറ്റിന് ക്ഷമ നല്‍കുക’ പരാജയത്തില്‍  ദുഃഖിതനായി സ്കൊളാരി പറഞ്ഞു. ടീം കളത്തില്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ക്കും കേളീശൈലിക്കും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും.

ആദ്യഗോള്‍ വീണതോടെ ടീമിന്റെ താളം തെറ്റി. പിന്നീട് ഒന്നിന് പിറകെ മറ്റൊന്നായി ഗോളുകള്‍ വീണുകൊണ്ടിരുന്നു. ഇതൊന്നും മാറ്റിമറിക്കാന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയതുമില്ല-സ്‌കോളാരി പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ ഈ തോല്‍വിയുടെ ആഘാതം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ പഠിച്ചുവരികയാണ്. ശനിയാഴ്ചത്തെ ലൂസേഴ്‌സ് ഫൈനലാകുമ്പൊഴേയ്ക്കും ടീം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.

” ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നതില്‍ സങ്കടമുണ്ട്. ജര്‍മനിക്കെതിരെ ഏഴു ഗോളിന് പിന്നിട്ടു നിന്നപ്പോള്‍ പോലും കാണികള്‍ ഞങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയായിരുന്നു. ആറ് മിനിട്ടുകള്‍ക്കം നാല് ഗോളുകള്‍ വഴങ്ങുക എന്നത് അപൂര്‍വ്വതയാണ്. എന്താണ് നടക്കുന്നതെന്ന് വിശ്വസിക്കാന്‍ ജര്‍മന്‍ ജനതക്ക് പോലു കഴിഞ്ഞിരുന്നില്ല” – ബ്രസീൽ കോച്ച് പറഞ്ഞു.

നെയ്മര്‍ കളിക്കാത്തതു കൊണ്ടല്ല ഞങ്ങള്‍ തോറ്റത്. നെയ്മര്‍ ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നുവെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. നെയ്മര്‍ ഒരു സ്‌ട്രൈക്കറാണ്. ജര്‍മന്‍ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ സ്‌ട്രൈക്കറായ നെയ്മര്‍ക്ക് കഴിയുമായിരുന്നില്ല.  ജര്‍മനി അവര്‍ക്ക് കിട്ടിയ അവസരം പരമാവധി ഉപയോഗിച്ചു. അത്രയേയുള്ളൂ-സ്‌കോളാരി പറഞ്ഞു.